നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനം കടുപ്പിച്ച് മുൻ മന്ത്രിയും എൻ.എസ്.എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരവുമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന് സുകുമാരൻ നായരോട് താൻ മുൻപും നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും, അന്നും ഇന്നും പറയാനുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞാണ് തനിക്ക് ശീലമെന്നും ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. സംഘടനയിലും ഡയറക്ടർ ബോർഡിലും പറയേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ മുൻപും ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2026 ജൂൺ 20-ന് നടന്ന എൻ.എസ്.എസ് ബജറ്റ് സമ്മേളന ചിത്ര പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്.
താൻ എൻ.എസ്.എസിനോ കരയോഗങ്ങൾക്കോ എതിരല്ലെന്നും എന്നാൽ സംഘടനയെ തകർച്ചയിലേക്ക് നയിക്കുന്ന നീക്കങ്ങൾ കണ്ടപ്പോൾ പൊതുസമൂഹത്തോട് പ്രതികരിക്കേണ്ടത് കടമയായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭന്റെ ആശയാദർശങ്ങൾ സംരക്ഷിക്കാൻ ഈ തുറന്നുപറച്ചിൽ അത്യന്താപേക്ഷിതമാണെന്നും ഇല്ലെങ്കിൽ മന്നത്താചാര്യന്റെ ആത്മാവ് തന്നോട് പൊറുക്കില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

















