കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കൂടാതെ കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും.
ആലപ്പുഴ, കാസർകോട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ, കേരളത്തിൽ കനത്ത മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് കാസർകോട് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് റഡാർ ചിത്രങ്ങൾ നൽകുന്ന സൂചന.

















