തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം പല സ്ഥലങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാല്‍ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം ഉണ്ട്.
പമ്പയില്‍ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിര്‍ദേശം. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്. മൂഴിയാര്‍ ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. മൂഴിയാര്‍ ഡാമി വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയത്ത് തുടരുകയാണ്
ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലായ 190 മീറ്റര്‍ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും. ഇതുമൂലം നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു.
Heavy rain to continue; yellow alert in all districts; high alert issued for Pathanamthitta.

















