കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിൽ കർശന നടപടിക്ക് നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനും അവർക്കെതിരെ നടപടി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി ഉത്തരവ് നൽകി.
ആഗസ്റ്റ് 6-ന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിൽ നടന്ന ഈ മത്സരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ടതല്ലെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രാദേശികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളോ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല.
ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതും തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്നതുമായ ചോദ്യങ്ങൾ മനപ്പൂർവ്വം നിർമ്മിച്ച് ഉൾപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ ഇത്തരം അനൗദ്യോഗിക മത്സരങ്ങൾ സംഘടിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















