സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതികളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നതായി റിപ്പോർട്ട്. കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. വിവിധയിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ പത്ത് പേർക്ക് പരിക്കേറ്റു. ദുരന്തബാധിത മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് തുടരുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 52 വീടുകൾ പൂർണമായും 565 വീടുകൾ ഭാഗികമായും തകർന്നു.
ദുരന്ത ബാധിതർ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ട ജില്ലയിലാണ്. ഇടുക്കിയിലും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത കോട്ടയം ജില്ലയിൽ മാത്രം അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. പത്തനംതിട്ടയിലും ആലപ്പുഴയിലും തിരുവല്ലയിലും അടക്കം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ക്യാമ്പുകളിൽ ആളുകളെ സുരക്ഷിതമായി എത്തിക്കുന്നതിനും ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നു.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് നിലവിലുള്ളത്. മറ്റ് ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് തുടരുകയാണ്. മഴ കനക്കുന്ന സാഹചര്യത്തിൽ നദിക്കരകളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
Kerala Rain Death Toll Rises To 25, Orange Alert In Nine Districts Tomorrow

















