കണ്ണൂർ: അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ അന്വേഷണ സംഘം നീക്കം തുടങ്ങി. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടുംക്രിമിനലാണെന്ന് വ്യക്തമാക്കി ഉടൻ തന്നെ കണ്ണൂർ ജില്ലാ കളക്ടർക്ക് പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. രണ്ട് വധശ്രമക്കേസുകൾ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ അതീവ ഗുരുതരമായ നിരവധി കേസുകൾ അർജുനെതിരെയുണ്ട്. 2014 മുതൽ ഇയാൾ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയാണെന്നും ഭൂരിഭാഗം കേസുകളിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അർജുനെ കരുതൽ തടങ്കലിൽ അടയ്ക്കുന്നതിനായി കാപ്പ ചുമത്താനുള്ള ശുപാർശ അടങ്ങിയ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറും.
ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും സോഷ്യൽ മീഡിയ വഴി വെല്ലുവിളിച്ചതിനാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ വെച്ച് അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്. കുറ്റവാളികളുടെ തുടർച്ചയായ അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കാപ്പ ചുമത്താനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം; 23 കേസുകളിൽ പ്രതിയായ കൊടുംക്രിമിനലെന്ന് റിപ്പോർട്ട് നൽകും
August 9, 2026 11:21 am

















