തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലര്‍ട്ട് സൂചിപ്പിക്കുന്നത്.
എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.
കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴ ലഭിക്കാനിടയുള്ളതിനാല്‍ മലവെള്ളപ്പാച്ചില്‍, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
മലയോര മേഖലകളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവര്‍ സാഹചര്യം വിലയിരുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണം.
നദികള്‍, തോടുകള്‍, ജലാശയങ്ങള്‍ എന്നിവ മുറിച്ചുകടക്കുകയോ കുളിക്കുകയോ മീന്‍പിടിക്കുകയോ ചെയ്യരുത്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും ഒഴിവാക്കണം. കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം.
റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂട്ടി സജ്ജീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ആവശ്യമായ മരുന്നുകള്‍, കുടിവെള്ളം, ടോര്‍ച്ച്, പ്രധാന രേഖകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ അടിയന്തര കിറ്റ് തയ്യാറാക്കി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളക്കെട്ടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണം. അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന നമ്പറിലും അടിയന്തര സഹായത്തിനായി 1070, 1077 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തുടര്‍ മുന്നറിയിപ്പുകള്‍ അനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാനിടയുള്ളതിനാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Possibility of extremely heavy rainfall in the state: Red alert issued for eight districts; public warned to exercise extreme caution.

















