swayamvara
pulimoottil

ആർ. സുഗതൻ്റെ അവധി അപേക്ഷ: തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ സസ്പെൻഷൻ നടപടിക്ക് സ്റ്റേയില്ല

ആർ. സുഗതൻ്റെ അവധി അപേക്ഷ: തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ സസ്പെൻഷൻ നടപടിക്ക് സ്റ്റേയില്ല

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. കൗൺസിലർ ആർ. സുഗതൻ്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്ക് താൽക്കാലിക സ്റ്റേ നൽകാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിസമ്മതിച്ചു. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ നൽകിയ ഹർജി പരിഗണിച്ചാണ് ട്രൈബ്യൂണലിൻ്റെ നടപടി. ഇതോടെ സർക്കാരിൻ്റെ സസ്പെൻഷൻ ഉത്തരവ് പ്രാബല്യത്തിൽ തന്നെ തുടരും.

കേസിൽ സർക്കാരിൻ്റെ ഭാഗം വ്യക്തമാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് സർക്കാർ അഭിഭാഷകൻ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച ട്രൈബ്യൂണൽ, വിഷയത്തിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ഹർജി കൂടുതൽ വാദങ്ങൾക്കായി വരുന്ന സെപ്റ്റംബർ മാസത്തിൽ വീണ്ടും പരിഗണിക്കും.

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി. കൗൺസിലർ ആർ. സുഗതന് അനുകൂലമായ രീതിയിൽ ഫയലിൽ തിരുത്തലുകൾ വരുത്തി കത്ത് നൽകിയെന്ന ആരോപണത്തെ തുടർന്നാണ് ഡോ. ചിത്രയെ സർക്കാർ സസ്പെൻഡ് ചെയ്തത്. തദ്ദേശ വകുപ്പ് മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദ്ദേശങ്ങൾ മറികടന്നാണ് അണ്ടർ സെക്രട്ടറി ഫയലിൽ മാറ്റങ്ങൾ വരുത്തിയതെന്നാണ് സർക്കാരിൻ്റെ പ്രാഥമിക കണ്ടെത്തൽ.

Share Email
Top