കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയമായ അധിക്ഷേപമാണെന്ന് ആരോപിച്ച്, കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. ഇന്ന് ഖർഗെക്ക് വേണ്ടി പ്രത്യേക വാർത്താസമ്മേളനം നടത്തിയ രാഹുൽ, രൂക്ഷ വിമർശനം അഴിച്ചുവിട്ടു. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ ഇതുവരെയായും നടപടിയില്ലെന്നും ഇത് നീതി നിഷേധമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ഉടൻ തന്നെ കേസെടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണിതെന്നും, സ്‌കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ പണി ചെയ്യിക്കുന്നതും ചായക്കടകളിൽ വേർതിരിവ് കാണിക്കുന്നതും ഇന്നും തുടരുന്ന വിവേചനത്തിന്റെ ഉദാഹരണങ്ങളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഖർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ച നടപടി ഭരണഘടനാപരമായി വലിയൊരു ക്രിമിനൽ കുറ്റമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബി.ജെ.പിയും ആർ.എസ്.എസും ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഭവത്തിൽ ദളിത് അതിക്രമ നിരോധന നിയമപ്രകാരം ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ഖർഗെ, ജിതൻ റാം മാഞ്ചി തുടങ്ങിയ നേതാക്കളെല്ലാം ഇത്തരത്തിലുള്ള അവഗണനകൾ അനുഭവിച്ചവരാണെന്നും ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഷയത്തിൽ പാർട്ടിക്കുള്ളിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്ന ഖർഗെയുടെ പരാതിയെക്കുറിച്ച് വ്യക്തത വരുത്തിയ രാഹുൽ ഗാന്ധി, അത് ചില വ്യക്തിപരമായ പിന്തുണകളെക്കുറിച്ചുള്ള പരാമർശമായിരുന്നുവെന്ന് വിശദീകരിച്ചു. ഖർഗെയുമായി താൻ നേരിട്ട് സംസാരിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷന് പോലും ഇത്തരം അനുഭവം ഉണ്ടാകുന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഇതിനെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.















