പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണോയിൽ ‘ജോൺ മേനോൻ’ എന്ന പേരിൽ ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബ്രൂണോയിൽ കണ്ടെത്തിയത് സുകുമാര കുറുപ്പിനെയല്ല, തൃശ്ശൂർ സ്വദേശിയായ ദാമോദര മേനോനെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇൻ്റർപോളിന് കത്തയക്കാനുള്ള നീക്കം ഉപേക്ഷിച്ച്, ഗൂഢാലോചനയിലേക്ക് അന്വേഷണം തിരിച്ചുവിട്ടത്. സംഭവത്തിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഗ്രേഡ് എസ്.ഐ അലി അക്ബർ, കൊച്ചിയിലെ സൈബർ വിദഗ്ധൻ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
കഴിഞ്ഞ 42 വർഷമായി കേരള പൊലീസ് തിരയുന്ന സുകുമാര കുറുപ്പ് രോഗബാധിതനായി മരണപ്പെട്ടിട്ടുണ്ടാകാമെന്ന അനുമാനത്തിൽ കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയായിരുന്നു പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഇത് പൊലീസിനെ വെട്ടിലാക്കുകയും അന്വേഷണ വീഴ്ചയാണെന്ന് തരത്തിൽ ആക്ഷേപങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ, പ്രചരിക്കുന്ന സന്ദേശങ്ങളിൽ അമിതാവേശം കാട്ടേണ്ടതില്ലെന്ന ഉന്നത പൊലീസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സത്യം പുറത്തുകൊണ്ടുവന്നത്.
പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചുകാണിക്കാനും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടോയെന്നാണ് നിലവിൽ ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ഒരു മാസത്തിനുള്ളിൽ തന്നെ സുകുമാര കുറുപ്പ് കേസിലെ തുടരന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനാണ് തീരുമാനം. ഈ റിപ്പോർട്ടിന്റെ ഭാഗമായി വ്യാജ പ്രചാരണത്തിന് പിന്നിലെ ഉദ്ദേശവും എന്തിനായിരുന്നു എന്നതും വ്യക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

















