തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്ത് സപ്ലൈകോയ്ക്ക് സർവകാല റെക്കോർഡ് വിറ്റുവരവ്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ) 385 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇത്തവണ വിപണിയിലിറക്കിയ പ്രത്യേക ഓണം ഫെയറുകളിലും സപ്ലൈകോ വിൽപ്പനശാലകളിലും ജനത്തിരക്ക് വർദ്ധിച്ചതാണ് ഈ വലിയ നേട്ടത്തിന് വഴിയൊരുക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് രേഖപ്പെടുത്തിയത് ഉത്രാട ദിനത്തിലാണ്— ഒറ്റ ദിവസം കൊണ്ട് 27.85 കോടി രൂപ.
ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്സിഡിയിതര ഇനത്തിലുമാണ് ലഭിച്ചത്. സബ്സിഡി നിരക്കിൽ നൽകിയ വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വിലകുറച്ചാണ് ഇത്തവണ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയത്. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ലഭിച്ചതോടെ 35 ദിവസത്തിനിടെ 53.86 ലക്ഷം ആളുകളാണ് സാധനങ്ങൾ വാങ്ങാനായി സപ്ലൈകോ ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചത്.
സംസ്ഥാനത്തെ ജില്ലാ ഫെയറുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ മേളകളിൽ നിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവുണ്ടായി. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 94 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള ആകെ വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു. വിലക്കയറ്റത്തിന്റെ നാളുകളിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.

















