തിരുവനന്തപുരം: പ്രിയദര്‍ശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയെക്കുറിച്ച് നടത്തിയ പരാമര്‍ശം പാടില്ലായിരുന്നുവെന്നും വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി സി.പി ജോണ്‍. സ്ത്രീകളെ അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവും ഇല്ലാതെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഒരു വിവേചനവും ഇല്ല. ഏതൊരു സ്ത്രീക്കും പ്രിയദര്‍ശിനിയില്‍ പോകാനുള്ള അവകാശമുണ്ട്. അത് ആരുടെയും ഔദാര്യമല്ല. അത്തരത്തില്‍ ഒരുതരത്തിലുള്ള ധാരണകളും ഐക്യജനാധിപത്യ മുന്നണിക്കില്ല. പ്രിയദര്‍ശിനി സ്‌കീം ഈ സര്‍ക്കാരിന്റെ ശിശുവാണ്. അതിനെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി സിപി ജോണ്‍ പറഞ്ഞു.
ഇന്നലെ യോഗത്തില്‍ വളരെ കാഷ്വലായിട്ടാണ് സംസാരിച്ചത്. അതില്‍ പറയണ്ടാതിരുന്ന ചില വാക്കുകള്‍ ഉപയോഗിച്ചതായി തോന്നി. അത് ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. ആ വാക്കുകള്‍ ആ യോഗത്തിലിരുന്ന ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടാകും. തീര്‍ച്ചയായും അത്തരം വാക്കുകള്‍ പാടില്ലായിരുന്നു. തീര്‍ച്ചയായും ശ്രദ്ധിക്കണമായിരുന്നു. അതു പറയാന്‍ ഒരു ഈഗോയും തനിക്കില്ലെന്നും മന്ത്രി സിപി ജോണ്‍ പറഞ്ഞു. വിമര്‍ശനം വന്നതിലോ, പ്രതിഷേധം വന്നതിലോ തനിക്ക് ഒരു തരത്തിലുള്ള ഫോള്‍സ് ഈഗോയും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാരാണ് പ്രിയദര്‍ശിനി പദ്ധതി തുടങ്ങിയത്. ചില പ്രസ്താവനകള്‍ കണ്ടപ്പോള്‍ തോന്നിയത് പ്രിയദര്‍ശിനി വേറാരോ തുടങ്ങിയത് ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന തരത്തിലാണ്. പ്രിയദര്‍ശിനി പദ്ധതി ഇനിയും മുന്നോട്ടു പോകും. പ്രിയദര്‍ശിനി യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും പ്രസ്റ്റീജിയസ് ആയ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം ആണെന്നും മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി.
മന്ത്രി എന്ന നിലയില്‍ ഒരുപാട് പ്രിവിലേജ് എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. അതോടൊപ്പം വിമര്‍ശനത്തിന്റെ ഇടവുമുണ്ട്. അത് ഉള്‍ക്കൊണ്ടേ പറ്റുകയുള്ളൂ. അതു പറയാന്‍ പാടില്ലായിരുന്നു. ആര്‍ക്കെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടെങ്കില്‍ അങ്ങനെയൊന്നും താന്‍ ഉദ്ദേശിച്ചിട്ടില്ല. ഔദ്യോഗികമായി തന്നെ ഖേദം പ്രകടിപ്പിക്കുകയാണ്. ഇതോടെ പ്രശ്നം തീര്‍ന്നല്ലോയെന്നും മന്ത്രി ജോണ്‍ പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ്. എന്നാല്‍ കേരളത്തില്‍ നല്ല ദാരിദ്ര്യമുണ്ട് എന്നതാണ് താന്‍ പറഞ്ഞ രാഷ്ട്രീയമായ കാര്യമെന്നും മന്ത്രി സിപി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
The remark made regarding women’s travel on the Priyadarshini bus should not have been made: Minister C.P. John expresses regret over the controversial statement.

















