Caritas hospital

സെയ്ലേഴ്സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു; പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി ട്രിവാണ്‍ഡ്രം റോയല്‍സ്

സെയ്ലേഴ്സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു; പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി ട്രിവാണ്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ തോല്‍പിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാണ്‍ഡ്രം റോയല്‍സ്. ഏഴ് വിക്കറ്റിനായിരുന്നു റോയല്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെയ്ലേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഏരീസ് കൊല്ലം സെയിലേഴ്‌സ് – 20 ഓവറില്‍ 126/7, ട്രിവാണ്‍ഡ്രം റോയല്‍സ് 17.1 ഓവറില്‍ 127/3

മുന്‍നിര ബാറ്റര്‍മാരുടെ സമ്പൂര്‍ണ്ണ പരാജയമാണ് മത്സരത്തില്‍ സെയ്ലേഴ്സിന് തിരിച്ചടിയായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സെയ്ലേഴ്സിന് ആദ്യ ഓവറില്‍ തന്നെ അരുണ്‍ പൗലോസിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദും ഫോമിലുള്ള അഭിഷേക് ജെ നായരും കൂടി മടങ്ങിയതോടെ സെയ്ലേഴ്സ് തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായി. വത്സല്‍ ഗോവിന്ദ് ഒന്‍പതും അഭിഷേക് നായര്‍ 11-ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ആനന്ദ് കൃഷ്ണനും (10) പിടിച്ചുനില്‍ക്കാനായില്ല.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അജിനാസും അര്‍ജുന്‍ വേണുഗോപാലും ചേര്‍ന്നാണ് സെയ്ലേഴ്സിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 29 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി സിജോമോന്‍ ജോസഫ് റോയല്‍സിന് നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. അജിനാസ് 22-ഉം അര്‍ജുന്‍ വേണുഗോപാല്‍ 17 റണ്‍സും നേടി. തുടര്‍ന്നെത്തിയ ഷറഫുദ്ദീനാണ് സെയ്ലേഴ്സിന്റെ സ്‌കോര്‍ 126-ലേക്ക് എത്തിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യ മത്സരം കളിക്കുന്ന ഷറഫുദ്ദീന്‍ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. 20 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമടക്കം 39 റണ്‍സുമായി ഷറഫുദ്ദീന്‍ പുറത്താകാതെ നിന്നു. അവസാന ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 23 റണ്‍സാണ് ഷറഫുദ്ദീന്‍ നേടിയത്. റോയല്‍സിന് വേണ്ടി സിജോമോന്‍ ജോസഫും രാഹുല്‍ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന്റെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി ബൗളര്‍മാര്‍ സെയ്ലേഴ്സിന് പ്രതീക്ഷ നല്‍കി. 12 റണ്‍സെടുത്ത അഭിഷേക് പി നായരെ എ ജി അമലാണ് പുറത്താക്കിയത്. ഒരു റണ്ണെടുത്ത കൃഷ്ണപ്രസാദ് പവന്‍ രാജിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. ഒരു റണ്ണെടുത്ത ഗോവിന്ദ് ദേവ് പൈ കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 21 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്ന് കളി റോയല്‍സിന്റെ വരുതിയിലാക്കി. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 17 പന്തുകള്‍ ബാക്കിനില്‍ക്കെ റോയല്‍സ് ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദ് 65-ഉം സിജോമോന്‍ ജോസഫ് 37-ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

Trivandrum Royals defeated Sailors by seven wickets; moved up to third place in the points table.

Share Email
LATEST excelnclexrn
More Articles
Top