swayamvara
pulimoottil

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

തിരുവനന്തപുരം: പുന്നമടയിലെ വേമ്പനാട്ട് കായലിന്‍റെ ഓളപ്പരപ്പില്‍ ഹൗസ്ബോട്ട് യാത്ര ആസ്വദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകനും യുഎസ് ബിസിനസ് എക്സിക്യുട്ടീവുമായ മൈക്കല്‍ ബൗലോസും. കേരളത്തിലെ പ്രീമിയം ഹൗസ്ബോട്ട് ടൂറിസം വിഭാഗത്തിലെ പ്രമുഖ ബ്രാന്‍ഡായ സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസാണ് ഹൗസ്ബോട്ട് യാത്ര ഒരുക്കിയത്. വേമ്പനാട് കായലിലൂടെ ഈ ആഡംബര ഹൗസ്ബോട്ടില്‍ ഏതാനും മണിക്കൂറുകളോളം അവര്‍ സഞ്ചരിച്ചു.

കേരളത്തിന്‍റെ ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ നടത്തിയ സന്ദര്‍ശനത്തില്‍ വള്ളം കളിക്കായി പരിശീലനം നടത്തുന്ന തുഴച്ചില്‍ക്കാരെ കാണുന്നതിനും അവര്‍ക്ക് സാധിച്ചു.
കേരളത്തിലെ വശ്യമായ പ്രകൃതിഭംഗി ആസ്വദിച്ച്, മനോഹരമായ കായലോളങ്ങളിലൂടെ നടത്തിയ യാത്ര അതീവ ഹൃദ്യമായിരുന്നുവെന്ന് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് മനേജിങ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളം പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. ഈ സന്ദര്‍ശനം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ജോബിന്‍ അഭിപ്രായപ്പെട്ടു. ഹൗസ്ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ കായലിനിരുവശത്തുമുള്ള തെങ്ങിന്‍ നിരകളുടെ ദൃശ്യങ്ങളും വീഡിയോകളും ഇരുവരും പകര്‍ത്തി. ഇവ തങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും കുടുംബത്തോടൊപ്പം കേരളത്തിലെത്തി ഒരു രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞുവെന്ന് ജോബിന്‍ വ്യക്തമാക്കി.

വീട്ടില്‍ തയ്യാറാക്കിയ ചിക്കന്‍ സാന്‍ഡ് വിച്ച്, ബ്രൗണി ചോക്ലേറ്റ് തുടങ്ങിയ വിഭവങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയത്. കരിമീന്‍ ഉള്‍പ്പെടെയുള്ള കേരളീയ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണം നല്‍കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കേറിയ അവരുടെ പരിപാടികള്‍ നിമിത്തം അതിന് സാധിച്ചില്ലെന്നും ജോബിന്‍ പറഞ്ഞു. വള്ളംകളിക്കുള്ള പരിശീലനം കാണാന്‍ കഴിഞ്ഞത് സന്ദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു. തുഴച്ചില്‍ക്കാരുടെ ശക്തിയും കഴിവും ഏകാഗ്രതയും ഇരുവരും കൗതുകത്തോടെ വീക്ഷിച്ചു. രണ്ട് ടീമുകളുടെ പരിശീലനമാണ് അവര്‍ കണ്ടത്. തലമുറകളായി സംരക്ഷിച്ചു പോരുന്ന കേരളത്തിന്‍റെ സവിശേഷമായ ജലകായിക പാരമ്പര്യത്തില്‍ അവര്‍ അത്ഭുതം പ്രകടിപ്പിച്ചു.

കേരള ടൂറിസത്തിന്‍റെ ഡയമണ്ട് ക്ലാസിഫിക്കേഷന്‍ അംഗീകാരമുള്ള സ്ഥാപനമാണ് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ്. കേരളത്തിലെ ഹൗസ്ബോട്ട് വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, രൂപകല്‍പ്പന, സേവന നിലവാരം, അതിഥികളുടെ സൗകര്യം തുടങ്ങിയ മേഖലകളില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹൗസ്ബോട്ട് ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇത് നല്‍കുന്നത്.

Share Email
LATEST excelnclexrn
More Articles
Top