swayamvara
pulimoottil

മെക്‌സിക്കോയില്‍ പടക്കശേഖരത്തില്‍ സ്‌പോടനത്തില്‍  10 മരണം, 64 പേര്‍ക്ക് പരുക്ക്

മെക്‌സിക്കോയില്‍ പടക്കശേഖരത്തില്‍ സ്‌പോടനത്തില്‍  10 മരണം, 64 പേര്‍ക്ക് പരുക്ക്

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ടെമാസ്‌കാല്‍സിംഗോ  നൂസ്ട്ര സെന്യോറ ദെല ലൂസ് ദേവാലയത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്.  സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ മതില്‍ തകര്‍ന്നുവീണതായും അധികൃതര്‍ അറിയിച്ചു.

 മതപരമായ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് കാണാന്‍ നൂറുകണക്കിന് ആളുകള്‍ സ്ഥലത്ത് ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് പടക്കസാമഗ്രികള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. നിമിഷങ്ങള്‍ക്കകം പ്രദേശം പുകയും അവശിഷ്ടങ്ങളും നിറഞ്ഞതോടെ പരിഭ്രാന്തി പടര്‍ന്നു.

മെക്‌സിക്കോ സിറ്റിയില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ടെമാസ്‌കാല്‍സിംഗോ സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ മെക്‌സിക്കോ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റവരില്‍ രണ്ട് വൈദികരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രദേശത്തെ ബിഷപ്പ് അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നാലെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കനത്ത പുകയും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ പ്രദേശത്ത് നിരവധി പേര്‍ രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത നല്‍കിയിട്ടില്ല.

മെക്‌സിക്കോയില്‍ പടക്കസ്‌ഫോടനങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തെരുവ് ആഘോഷങ്ങളിലും മതപരമായ ഉത്സവങ്ങളിലും പടക്കങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഏകദേശം നാല് വര്‍ഷം മുമ്പ് മധ്യ മെക്‌സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനത്തെ ഹ്യൂഹുട്ല മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമത്തിലുണ്ടായ ശക്തമായ പടക്കസ്‌ഫോടനത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റിരുന്നു.

10 dead, 64 injured in explosion at fireworks stockpile in Mexico.

Share Email
Top