മിയാമി: യുഎസിലെ മിയാമിയില്‍ നിര്‍മാണ സ്ഥലത്ത് ക്രെയിന്‍ തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് നഗരത്തിലെ ആഡംബര മേഖലയായ ബ്രിക്കലില്‍ അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണ സ്ഥലത്തിന് സമീപത്തെ റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ക്രെയിന്‍ തകര്‍ന്നുവീഴുന്നത് കണ്ട് വാഹനം പിന്നോട്ടെടുത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ക്രെയിന്‍ കാറിന് മുകളിലേക്ക് പതിച്ചതോടെ വാഹനത്തിന് തീപിടിച്ചു. സംഭവത്തില്‍ യുവതിക്കും പരിക്കേറ്റിട്ടുണ്ട്.
ക്രെയിന്‍ സമീപത്തുണ്ടായിരുന്ന സ്റ്റോറേജ് കണ്ടെയ്‌നറിന് മുകളിലേക്കും വീണു. രണ്ട് നിര്‍മാണ തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ലോഹക്കൂട് മുറിച്ചുമാറ്റി തൊഴിലാളികളെ പുറത്തെടുക്കുന്നതിനിടെ മറ്റൊരു സംഘം തീ അണയ്ക്കുകയും ചെയ്തു. ക്രെയിന്‍ മറിഞ്ഞുതുടങ്ങിയപ്പോള്‍ ചാടി രക്ഷപ്പെട്ട ഓപ്പറേറ്റര്‍ക്കും കുടുങ്ങിയിരുന്ന രണ്ട് തൊഴിലാളികള്‍ക്കും ചെറിയ പരിക്കുകളാണ് ഉണ്ടായത്. ഇവരെ സമീപത്തെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന യുവതിയെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിര്‍മാണ സ്ഥലത്തെ മറ്റെല്ലാ തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തിയതായി മിയാമി ഫയര്‍ ചീഫ് റോബര്‍ട്ട് ഹെവിയ അറിയിച്ചു.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാധാരണ ക്രെയിനിന്റെ അടിസ്ഥാന സംവിധാനത്തിന് സമാനമായ അടിത്തറയുള്ള പൈലിങ് റിഗ് ആണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടങ്ങളുടെ അടിത്തറയ്ക്കായി തൂണുകള്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിനാണ് ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. അപകടത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Four injured as crane collapses in Miami; fire also breaks out at construction site.

















