ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശി അബ്ദുൽ ഹകീമിന്റെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസാണ് കേസെടുത്തത്. മതവിദ്വേഷം വളർത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് നടപടി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നടന്ന ‘ബിഗ് ഡയലോഗ്’ എന്ന ചർച്ചയ്ക്കിടെ വംശീയവും മുസ്‌ലിം വിരുദ്ധവുമായ നിലപാടുകൾ സ്വീകരിച്ചുവെന്നാണ് ആരോപണം.
നേരത്തെ, വാർത്താസമ്മേളനത്തിന് ശേഷം തനിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും ഉണ്ടെന്ന് കാട്ടി അപർണ കുറുപ്പ് നൽകിയ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ഇതിനെതിരെ വിവിധ യു.ഡി.എഫ്, മുസ്‌ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്നും വിദ്വേഷ പരാമർശം നടത്തിയ അവതാരകയ്ക്കെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ തന്റെ പരാമർശം മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദിക്കുന്നതായി വ്യക്തമാക്കി അപർണ കുറുപ്പ് രംഗത്തെത്തുകയും, ചാനൽ പ്രസ്തുത വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ ഉയർന്ന പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ അവതാരകയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Hate Speech Allegation: Case Registered Against Journalist Aparna Kurup

















