ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിക്കാൻ ടാറ്റാ സൺസ് ബോർഡ് യോഗം തീരുമാനിച്ചു. നിലവിലെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണ് മുംബൈയിൽ ചേർന്ന ബോർഡ് യോഗത്തിൽ അഞ്ചുവർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകിയത്. വീണ്ടുമൊരിക്കൽ കൂടി ഈ പദവിയിലിരിക്കാൻ താനില്ലെന്ന് ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്ന തീരുമാനം ചന്ദ്രശേഖരൻ പിൻവലിക്കുകയും ചെയ്തു. 2017 മുതൽ ടാറ്റാ സൺസ് ചെയർമാനായി തുടരുന്ന അദ്ദേഹത്തിന് ലഭിക്കുന്ന രണ്ടാമത്തെ കാലാവധി നീട്ടലാണിത്.
അതേസമയം, ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നൽകിയ ടാറ്റാ സൺസ് ബോർഡ് യോഗ തീരുമാനത്തിനെതിരെ രൂക്ഷമായ എതിർപ്പുമായി ടാറ്റാ ട്രസ്റ്റ് അധ്യക്ഷൻ നോയൽ ടാറ്റ രംഗത്തെത്തി. ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാൻ 4-1 എന്ന ഭൂരിപക്ഷത്തിലാണ് ബോർഡ് വോട്ട് ചെയ്തതെങ്കിലും, ഈ വോട്ടെടുപ്പ് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. യോഗത്തിൽ താൻ കൃത്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും തന്റെ ‘വീറ്റോ’ അധികാരം തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറികടന്നതെന്നും നോയൽ ടാറ്റ വ്യക്തമാക്കി.
ടാറ്റാ സൺസിന്റെ നിയമാവലി പ്രകാരം ടാറ്റാ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ അംഗീകാരം ഇത്തരമൊരു തീരുമാനത്തിന് ആവശ്യമാണെന്നാണ് നോയൽ ടാറ്റയുടെ വാദം. എന്നാൽ വോട്ടെടുപ്പിൽ സമനിലയോ തടസ്സമോ ഉണ്ടായാൽ ചെയർമാന് നിർണ്ണായക വോട്ട് രേഖപ്പെടുത്താം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് വോട്ടെടുപ്പുമായി മുന്നോട്ടുപോയത്. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള ഉൾപ്പോരുകൾ വീണ്ടും പരസ്യമായിരിക്കുകയാണ്.
വരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ (എ.ജി.എം.) എൻ. ചന്ദ്രശേഖരനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തുമെന്നാണ് സൂചനകൾ. ഡയറക്ടർ പദവി നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് ചെയർമാനായി തുടരാനാവില്ല. പുതിയ ചെയർമാനെ കണ്ടെത്താൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷൻ കമ്മിറ്റിക്കുള്ള നടപടികൾ ആരംഭിച്ചിരിക്കെ കൈക്കൊണ്ട ബോർഡ് തീരുമാനം ഗ്രൂപ്പിൽ വലിയ പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്.














