തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ലീല കോവളം ഹോട്ടലില്‍ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ കോണ്‍ക്ലേവില്‍ ‘പുതിയ സര്‍ക്കാര്‍ പുതിയ കേരളം’ സെഷനില്‍ സംസാരിക്കു കയായിരുന്നു മന്ത്രി.
രണ്ടാംഘട്ടത്തില്‍ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ജനകീയമാക്കി മാറ്റും. ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘തൂഫാന്‍ സ്ട്രൈക്ക്’, ‘തൂഫാന്‍ എഡ്യൂക്കേറ്റ്’, ‘തൂഫാന്‍ കെയര്‍’ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നുവെന്നും സ്ത്രീകളില്‍ നിന്നും അമ്മമാരില്‍ നിന്നും വലിയ പ്രശംസ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കടത്ത് തടയുന്നതിനായി അയല്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജന്‍സികളുമായും സഹകരിച്ച് സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുമായും കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുമായും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ കേരള പോലീസ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷിക്കുന്നതെന്നും കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പോലീസ് അന്വേഷണങ്ങളില്‍ സുതാര്യതയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നും ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘Operation Toofan’ enters second phase; Minister Ramesh Chennithala announces expansion of the scheme to villages.
















