ഒന്റാറിയോ: കാനഡയിലെ ഒന്‍റാറിയോയിൽ യഹൂദ വിഭാഗക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനമായ യോം കിപ്പൂർ ചടങ്ങുകൾക്കായി വിശ്വാസികൾ ഒത്തുചേർന്ന സിനഗോഗിന് മുന്നിൽ വെടിവെപ്പ്. അക്രമിയും പോലീസും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും അക്രമിക്കും പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്രമിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ടൊറന്റോയ്ക്ക് സമീപമുള്ള ബെല്ലെവില്ലെയിലെ ‘സൺസ് ഓഫ് ജേക്കബ്’ സിനഗോഗിന് മുന്നിലാണ് സംഭവം നടന്നത്. പ്രാർത്ഥനാച്ചടങ്ങുകൾക്കായി വിശ്വാസികൾ എത്തുന്ന പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെ തടഞ്ഞത്. തോക്കുമായി കെട്ടിടത്തിലേക്ക് അടുത്ത അക്രമിയെ പോലീസ് തടയുകയും തുടർന്ന് ഇരുവിഭാഗവും തമ്മിൽ വെടിവെപ്പ് ഉണ്ടാകുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ സമയബന്ധിതമായ ഇടപെടൽ കാരണം മാത്രമാണ് അകത്തുണ്ടായിരുന്ന നിരവധി ആളുകളുടെ ജീവൻ രക്ഷപ്പെട്ടതെന്ന് സിനഗോഗ് പ്രസിഡന്റ് നോം വെഡ്ഡം പറഞ്ഞു.
ഏറ്റുമുട്ടലിനിടെ ഇരുപതിലധികം വെടിയുണ്ടകൾ സിനഗോഗിന്റെ ജനലുകളിലും ചുവരുകളിലും പതിച്ചെങ്കിലും അകത്തുണ്ടായിരുന്ന വിശ്വാസികൾക്കാർക്കും പരിക്കേറ്റില്ല. വെടിവെപ്പിനെ തുടർന്ന് യോം കിപ്പൂർ പ്രാർത്ഥനകൾ റദ്ദാക്കി. അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒന്റാറിയോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അറിയിച്ചു. അക്രമ സംഭവത്തെ കനേഡിയൻ ഭരണകൂടവും ഒന്റാറിയോ പ്രീമിയറും ശക്തമായി അപലപിച്ചു.












