ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എം.എൽ.എയെ സംരക്ഷിച്ചു നിർത്തി സമവായത്തിന് ശ്രമിച്ച കെ.പി.സി.സി. നേതൃത്വത്തെ വെല്ലുവിളിച്ച് രമ്യ ഹരിദാസ്. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. മേയ് 21 മുതൽ പ്രദീപ് ഒപ്പമുണ്ടെന്നും അന്നു മുതലുള്ള പ്രാബല്യത്തിൽ പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്നുമാണ് വിചിത്ര ആവശ്യം. എന്നാൽ സെക്രട്ടറി അവധിയിലായതിനാൽ എം.എൽ.എയുടെ പി.എ നൽകിയ കത്ത് വിവാദമായതിനെ തുടർന്ന് നിയമസഭാ ഓഫീസ് തിരിച്ചയച്ചു.
എം.എൽ.എയ്‌ക്കെതിരെ പാർട്ടിയിൽ വ്യാപക പരാതി ഉയർന്നിട്ടും നടപടിയെടുക്കാതെ പ്രശ്നം ഒതുക്കാനാണ് കെ.പി.സി.സി ശ്രമിച്ചത്. എതിർചേരിയെ തണുപ്പിക്കുന്നതിനായി പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് രമ്യക്ക് നിർദ്ദേശം നൽകാൻ ധാരണയായിരുന്നെങ്കിലും, ഇത് കാറ്റിൽപ്പറത്തിയാണ് എം.എൽ.എ കത്ത് നൽകിയത്. ഇതോടെ പ്രദീപ് നേരത്തെ തന്നെ സ്റ്റാഫായിരുന്നുവെന്ന രമ്യയുടെയും പ്രദീപിന്റെയും വാദങ്ങൾ പൊളിഞ്ഞു.
പാർട്ടി നിർദ്ദേശം ലംഘിച്ചുള്ള എം.എൽ.എയുടെ നീക്കത്തിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്. സസ്പെൻഷനിലായ പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും, ആവശ്യമെങ്കിൽ എം.എൽ.എക്കെതിരെയും രംഗത്തിറങ്ങുമെന്നും സസ്പെൻഷനിലായ പ്രാദേശിക നേതാവ് സജാദ് വ്യക്തമാക്കി. അഡീഷണൽ സ്റ്റാഫ് നിയമനത്തിനായി നൽകിയ കത്ത് പിൻവലിച്ചില്ലെങ്കിൽ രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന ആവശ്യത്തിലാണ് ഒരുവിഭാഗം നേതാക്കൾ.

















