ജോര്‍ജിയ: യുഎസിലെ ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ 12 കൗമാരക്കാര്‍ക്ക് വെടിയേറ്റു. മേക്കണിലെ കരോളിന്‍ ക്രെയ്റ്റണ്‍ പാര്‍ക്കില്‍ ഞായറാഴ്ച്ച അര്‍ധരാത്രിക്ക് ശേഷമാണ് വെടിവെയ്പ് ഉണ്ടായത്. . പാര്‍ക്കില്‍ നടന്ന ആഘോഷത്തിനിടെയാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്നും തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ബിബ് കൗണ്ടി ഷെരീഫ് ഡേവിഡ് ഡേവിസ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിക്കായി വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ 18-ാം ജന്മദിനം ആഘോഷിക്കാന്‍ പാര്‍ക്കിലെത്തിയതായിരുന്നു. പിന്നീട് മറ്റൊരു സംഘം കൂടി അവിടെ എത്തുകയും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം വാക്കേറ്റത്തിലേര്‍പ്പെടുകയും തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. പാര്‍ക്കിലെ നിരീക്ഷണ ക്യാമറയില്‍ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വെടിയൊച്ച കേട്ടതോടെ പാര്‍ക്കിലുണ്ടായിരുന്ന ആളുകള്‍ പല ദിശകളിലേക്കും ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരില്‍ 19 വയസുള്ള ഒരു യുവാവും 18 വയസ്സുള്ള നാല് യുവാക്കളും 17 വയസ്സുള്ള അഞ്ച് യുവാക്കളും 18 വയസ്സുള്ള രണ്ട് യുവതികളും ഉള്‍പ്പെടുന്നു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
വെടിവെപ്പിന് പിന്നിലെ കാരണം എന്താണെന്നുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച നാല് വാഹനങ്ങളും പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ പത്ത് സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തതായും അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ചില സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് സാന്നിധ്യമുണ്ടാകുമെന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഷെരീഫ് പറഞ്ഞു.
Shooting at birthday party in Georgia; 12 teenagers injured.
















