വാഷിംഗ്ടണ്‍: കനേഡിയന്‍ മുന്‍ ഒളിമ്പിക് സ്‌നോബോര്‍ഡര്‍ റയാന്‍ വെഡ്ഡിംഗിന് മെക്‌സിക്കോയില്‍ വര്‍ഷങ്ങളോളം പിടിയിലാകാതെ കഴിയാന്‍ സഹായിച്ചത് കൊടും കുറ്റവാളി സംഘങ്ങളുടെ സംരക്ഷണമാണെന്ന് യുഎസ് അന്വേഷണ ഏജന്‍സികള്‍. കൊല്ലപ്പെട്ട കാര്‍ട്ടല്‍ തലവന്‍ എഡ്ഗര്‍ ആരോണ്‍ വാസ്‌ക്വസ് അല്‍വാരഡോയാണ് വെഡ്ഡിംഗിനും കൂട്ടാളികള്‍ക്കും വ്യാജ പൊലീസ് തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയതെന്നാണ് പുതിയ കുറ്റപത്രത്തിലെ പരാമര്‍ശം. യഥാര്‍ഥ പൊലീസ് രേഖകളില്‍ പേരുകള്‍ മാറ്റി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയതിലൂടെ മെക്‌സിക്കോയിലെ സുരക്ഷാ പരിശോധനാ കേന്ദ്രങ്ങള്‍ കടന്നുപോകാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നുവെന്നും യുഎസ് അധികൃതര്‍ ആരോപിക്കുന്നു.
ലോസ് ആഞ്ചലസിലെ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി പുറത്തുവിട്ട കുറ്റപത്രം പ്രകാരം, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ചരക്കുകള്‍ മെക്‌സിക്കന്‍ പൊലീസിന്റെയും സൈന്യത്തിന്റെയും പരിശോധനയില്‍ പിടിക്കപെടാതിരിക്കാന്‍ വാസ്‌ക്വസ് പ്രത്യേക രഹസ്യകോഡ് നല്‍കിയിരുന്നു. ഓരോ ദിവസവും മാറിക്കൊണ്ടിരുന്ന ഈ കോഡ് ഉപയോഗിച്ചാണ് കൊക്കെയ്ന്‍ കടത്തിയിരുന്നതെന്നാണ് ആരോപണം. സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ രഹസ്യവിവരങ്ങള്‍ ലഭിക്കുന്ന പ്രത്യേക കൂട്ടായ്മയിലേക്ക് വെഡ്ഡിംഗിനെ ഉള്‍പ്പെടുത്തുന്നതിനായി അഞ്ച് ലക്ഷം യുഎസ് ഡോളര്‍ പ്രവേശന ഫീസും പ്രതിമാസം ശരാശരി ഒരു ലക്ഷം ഡോളറും വാസ്‌ക്വസ് ഈടാക്കിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
‘ദ ജനറല്‍’ എന്നറിയപ്പെട്ടിരുന്ന 42കാരനായ വാസ്‌ക്വസ് മെക്‌സിക്കന്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി മെക്‌സിക്കോ സുരക്ഷാ മന്ത്രി ഒമര്‍ ഗാര്‍സിയ ഹര്‍ഫുച്ച് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ക്ക് ഉന്നതതല ബന്ധങ്ങളുണ്ടായിരുന്നുവെന്നാണ് യുഎസ് അധികൃതരുടെ കണ്ടെത്തല്‍. മറ്റൊരു പ്രധാന സഹായിയായി റോബര്‍ട്ടോ ഗോമസിനെയും യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫാറ്റ് ബോയ്, റൂസ്റ്റര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ മെക്‌സിക്കന്‍, യുഎസ് നിയമപാലകരില്‍നിന്നുള്ള രഹസ്യവിവരങ്ങള്‍ ലഭിക്കാന്‍ കഴിയുന്നവരുമായി ബന്ധം പുലര്‍ത്തിയിരുന്നതായാണ് ആരോപണം. സിനലോവ, ജാലിസ്‌കോ ന്യൂ ജനറേഷന്‍ എന്നീ കുപ്രസിദ്ധ മയക്കുമരുന്ന് കാര്‍ട്ടലുകളിലെ നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
തണ്ടര്‍ ബേയില്‍ ജനിച്ച 45കാരനായ റയാന്‍ വെഡ്ഡിംഗ് 2015ല്‍ മോണ്‍ട്രിയലില്‍ ക്രിമിനല്‍ കേസുകള്‍ നേരിട്ടതോടെയാണ് മെക്‌സിക്കോയിലേക്ക് കടന്നതെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍. പ്രതിവര്‍ഷം നൂറുകോടി ഡോളറിന്റെ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്ന കൊലപാതക സംഘത്തിന്റെ തലവനായിരുന്നു ഇയാളെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ജനുവരിയില്‍ മെക്‌സിക്കോയില്‍ അറസ്റ്റിലായ വെഡ്ഡിംഗ് നിലവില്‍ യുഎസ് കസ്റ്റഡിയിലാണ്. കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ നിഷേധിച്ച ഇയാളുടെ വിചാരണ അടുത്ത വര്‍ഷം ലോസ് ആഞ്ചലസില്‍ നടക്കും. വെഡ്ഡിംഗിന് രഹസ്യവിവരങ്ങള്‍ കൈമാറുകയും 453.6 കിലോഗ്രാം മെത്താംഫെറ്റമിന്‍ 5.5 ലക്ഷം ഡോളറിന്റെ ക്രിപ്‌റ്റോകറന്‍സിക്ക് വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ ഗോമസിനെതിരെയും ആറ് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
US investigators state that notorious criminal Edgar Aaron provided the fake identification documents that served as a protective shield for Canadian drug trafficker Ryan Wedding.
















