വാഷിംഗ്ടണ്‍: ബിബിസിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്കിയ അഞ്ചു ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് തുടരാന്‍ അനുമതി നല്കി യുഎസ് ഫെഡറല്‍ കോടതി. കേസ് തള്ളണമെന്ന ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബിബിസിയുടെ ആവശ്യം ചൊവ്വാഴ്ച കോടതി നിരസിച്ചു. മാനനഷ്ടക്കേസില്‍ ട്രംപിന് യഥാര്‍ഥത്തില്‍ നഷ്ടമുണ്ടായിട്ടുണ്ടോയെന്നും അത് തെളിയിക്കാന്‍ കഴിയുമോയെന്നും വിചാരണയിലോ തുടര്‍നടപടികളിലോ തീരുമാനിക്കുമെന്ന് ഫെഡറല്‍ ജഡ്ജി ജെഫ്രി ടി. കുന്റ്സ് വ്യക്തമാക്കി.
2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിലേക്ക് മാര്‍ച്ച് നടത്താന്‍ അനുയായികളോട് ആഹ്വാനം ചെയ്ത ട്രംപിന്റെ പ്രസംഗം ബിബിസി ഡോക്യുമെന്ററിയില്‍ തെറ്റായി എഡിറ്റ് ചെയ്തെന്നാണ് പ്രധാന ആരോപണം. പ്രസംഗത്തിലെ വ്യത്യസ്ത സമയങ്ങളില്‍ നടത്തിയ രണ്ട് ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ട്രംപ് നേരിട്ട് അക്രമത്തിന് പ്രേരിപ്പിച്ചതായി തോന്നിപ്പിക്കുന്ന രീതിയിലാണ് ദൃശ്യങ്ങള്‍ അവതരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതുവഴി തന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കിയെന്നും മാനനഷ്ടമുണ്ടാക്കിയെന്നും ട്രംപ് ആരോപിക്കുന്നു. മാനനഷ്ടത്തിനും ഫ്ലോറിഡ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള ആരോപണത്തിനും പ്രത്യേകം അഞ്ച് ബില്യണ്‍ ഡോളര്‍ വീതമാണ് ട്രംപ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
ബിബിസിയുടെ എഡിറ്റിങ് നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രസംഗത്തിലെ രണ്ട് ഭാഗങ്ങള്‍ക്കിടയില്‍ വലിയ സമയവ്യത്യാസമുണ്ടായിരുന്നുവെന്നും അവ കൂട്ടിച്ചേര്‍ത്തത് യഥാര്‍ഥ പ്രസംഗത്തിന്റെ അര്‍ഥം മാറ്റുന്ന രീതിയിലായിരുന്നുവെന്നും ജഡ്ജി നിരീക്ഷിച്ചു. ഇത് സാധാരണ എഡിറ്റിങ് മാത്രമല്ലെന്നും പ്രസംഗത്തില്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു സന്ദേശം സൃഷ്ടിക്കുന്ന നടപടിയാണെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ ബിബിസി നേരത്തെ മാപ്പുപറഞ്ഞിരുന്നു. വിവാദത്തെത്തുടര്‍ന്ന് സ്ഥാപനത്തിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്യുമെന്ററി ട്രംപിന് യഥാര്‍ഥത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടാക്കിയെന്ന വാദം ബിബിസി അംഗീകരിച്ചിട്ടില്ല.
കോടതി ഉത്തരവിനെ വലിയ വിജയമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു. അതേസമയം, കേസില്‍ കഴിഞ്ഞ മാസം ട്രംപിന് തിരിച്ചടിയുണ്ടായിരുന്നു. ബിബിസിയുടെ ആവശ്യപ്രകാരം ഡിസംബര്‍ 11നകം സത്യവാങ്മൂലം നല്കുന്ന രീതിയിലുള്ള മൊഴി രേഖപ്പെടുത്താന്‍ ട്രംപിനോട് മജിസ്ട്രേറ്റ് ജഡ്ജി നിര്‍ദേശിച്ചിരുന്നു. മൊഴി നല്‍കുന്നത് ഒഴിവാക്കാന്‍ ട്രംപ് ശ്രമിക്കുന്നുവെന്ന ബിബിസിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി.
നിശ്ചയിച്ച സമയത്തിനകം മൊഴി നല്കുന്നതില് പരാജയപ്പെട്ടാല്‍ ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ഉണ്ടാകാമെന്നും കേസ് തന്നെ തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ ഉത്തരവോടെ മാനനഷ്ടക്കേസില്‍ ട്രംപിന് നിയമപോരാട്ടം തുടരാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ബിബിസി മാനനഷ്ടം വരുത്തിയെന്ന ആരോപണം തെളിയിക്കേണ്ട ഉത്തരവാദിത്വം ട്രംപിനുതന്നെയാണ്.
Court rules that Trump’s $5 billion defamation lawsuit against the BBC can proceed.
















