അനില്‍ മറ്റത്തിക്കുന്നേല്‍
വിര്‍ജീനിയ: നേപ്പാള്‍ സ്വദേശിനിയായ നഴ്സ് മമത കാഫ്ലെ ഭട്ടിനെ (28) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നരേഷ് ഭട്ട് (39) കുറ്റക്കാരനാണെന്ന് കോടതി ജൂറി കണ്ടെത്തി. ഒന്നാം ഡിഗ്രി കൊലപാതകം (First-degree murder), മൃതദേഹം ഒളിപ്പിക്കല്‍, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍ എന്നീ മൂന്ന് കുറ്റങ്ങളിലാണ് വിധി.
2024 ജൂലൈയില്‍ വിര്‍ജീനിയയിലെ മനാസാ പാര്‍ക്കിലുള്ള വീട്ടില്‍നിന്നാണ് മമതയെ കാണാതായത്. ആശുപത്രിയിലെ ജോലിക്ക് എത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പിന്നീടാണ് കൊലപാതകമെന്നു തെളിയുന്നത്. രണ്ടുവര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് നിര്‍ണായക വിധിയുണ്ടായത്.
വിചാരണയ്ക്കിടെ ഭാര്യയുടെ മൃതദേഹം വെട്ടിനുറുക്കി മാലിന്യത്തില്‍ ഉപേക്ഷിച്ചതായി നരേഷ് ഭട്ട് സമ്മതിച്ചിരുന്നു. എന്നാല്‍ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം കണ്ടപ്പോള്‍ പരിഭ്രാന്തനായാണ് താന്‍ അങ്ങനെ ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വിശദീകരണം ജൂറി അംഗീകരിച്ചില്ല.
വീട്ടില്‍നിന്ന് കണ്ടെത്തിയ തെളിവുകള്‍, രക്തക്കറകളുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനകള്‍, ഇന്റര്‍നെറ്റ് തിരച്ചില്‍ വിവരങ്ങള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ പ്രോസിക്യൂഷന് കോടതിയില്‍ അവതരിപ്പിച്ചു.
കൊലപാതകം നടന്നതായി കോടതി കണ്ടെത്തിയെങ്കിലും മമതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ദമ്പതികള്‍ക്ക് ഒരു ചെറിയ മകളുമുണ്ട്.
ആറാഴ്ചയോളം നീണ്ട വിചാരണയ്ക്കുശേഷമാണ് ജൂറി വിധി പ്രഖ്യാപിച്ചത്. 2027 മാര്‍ച്ച് 12-നാണ് ശിക്ഷ വിധിക്കുക. ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവുവരെ ലഭിക്കാം. മറ്റ് രണ്ട് കുറ്റങ്ങള്‍ക്കും അധിക തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
മമതയുടെ മൃതദേഹം കണ്ടെത്താനായില്ലെങ്കിലും കുറ്റക്കാരനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞത് നിര്‍ണായക നീതിനേട്ടമാണെന്ന് പ്രോസിക്യൂഷന് പ്രതികരിച്ചു
Case involving the murder and dismemberment of a wife in Virginia: Court finds Nepal native Naresh Bhatt guilty.
















