swayamvara
pulimoottil

ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം വാങ്ങിയ സംഭവം: തങ്ങൾക്ക് ബന്ധമില്ലെന്ന് എം.വി. ഗോവിന്ദൻ

ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം വാങ്ങിയ സംഭവം: തങ്ങൾക്ക് ബന്ധമില്ലെന്ന് എം.വി. ഗോവിന്ദൻ
Share Email

തിരുവനന്തപുരം: തെറ്റുതിരുത്തൽ ചർച്ചകൾ നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ നിന്ന് വാർത്തകൾ ചോരുന്നത് തടയാൻ പങ്കെടുക്കേണ്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങിയ സംഭവത്തിന് വിശാല സംസ്ഥാന സമിതിയുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കാര്യങ്ങൾ പാർട്ടി നേതൃത്വം അറിഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു . വിശാല സംസ്ഥാന സമിതിയിൽ നിന്ന് യാതൊരു വിവരങ്ങളും ചോരരുതെന്ന കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ലാ നേതൃത്വം മുൻകൂട്ടി ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം വാങ്ങിയിരുന്നത്.

യോഗത്തിൽ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഫോൺ രേഖകൾ പരിശോധിക്കുന്നതിനാണ് അപേക്ഷാ ഫോമിൽ ഒപ്പുവെപ്പിച്ചു വാങ്ങിയത്. സ്വന്തം ഫോൺ കോൾ വിവരങ്ങൾ ടെലിഫോൺ കമ്പനികളിൽ നിന്ന് ലഭ്യമാക്കാൻ സ്വയം അപേക്ഷിക്കുന്ന രീതിയിലാണ് ഈ സമ്മതപത്രം തയ്യാറാക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കളടക്കം സമ്മതപത്രത്തിൽ ഒപ്പുവെച്ചു നൽകിയെങ്കിലും പാർട്ടിക്കുള്ളിൽ കടുത്ത അമർഷം പുകയുകയാണ്. സംഭവം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ നേതാക്കൾ ആലോചിക്കുന്നുണ്ട്.

Share Email
Top