swayamvara
pulimoottil

ലോസ് ആഞ്ചലസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

ലോസ് ആഞ്ചലസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ ചാറ്റ്‌സ്വര്‍ത്ത് മേഖലയില്‍ ന്യൂസ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെയാണ് ഹെലികോപ്റ്റര്‍ തീ പിടിച്ച് രണ്ട് വാണിജ്യ കെട്ടിടങ്ങള്‍ക്കിടയിലേക്ക് തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ലോസ് ആഞ്ചലസ് അഗ്‌നിശമനസേന അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ നിലത്തുണ്ടായിരുന്ന കാല്‍നടയാത്രക്കാരനാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ടത് എന്‍ബിസി ലോസ് ആഞ്ചലസിന്റെ ന്യൂസ്ചോപ്പര്‍ ഹെലികോപ്റ്ററാണെന്ന് സ്ഥാപനം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ എലിയാന മൊറേനോ, പൈലറ്റ് ജോര്‍ജ് മാര്‍സിനി എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി കെഎന്‍ബിസി ആങ്കര്‍ കോളിന്‍ വില്യംസ് അറിയിച്ചു. ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നാല് വാഹനങ്ങള്‍ക്കും രണ്ട് സംഭരണ കണ്ടെയ്നറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഇതിന് സമീപത്തായി ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചിന് മെട്രോ ബസും എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസ് അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നിരവധി വാര്‍ത്താ ഹെലികോപ്റ്ററുകളും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് ന്യൂസ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Three people died in a helicopter crash in Los Angeles.

Share Email
Top