ധാക്ക: വാക്‌സിനേഷന്‍ പദ്ധതിയിലുണ്ടായ വീഴ്ച്ചയ്ക്ക് പിന്നാലെ ബംഗ്ലാദേശില്‍ അഞ്ചാംപനി വ്യാപനം രൂക്ഷമാകുന്നു. ഈ വര്‍ഷം ഇതുവരെ രോഗബാധ സംശയിക്കുന്ന കേസുകളില്‍ 999 പേര്‍ മരിച്ചതായി രാജ്യത്തെ ആരോഗ്യസേവന ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. മാര്‍ച്ചില്‍ ഒരു മാസത്തിനിടെ നൂറിലധികം കുട്ടികള്‍ മരിച്ചതോടെയാണ് രോഗവ്യാപനം തടയാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കിയത്. മാസങ്ങളായി ആയിരക്കണക്കിന് കുട്ടികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
മാര്‍ച്ചിന് ശേഷം രാജ്യത്ത് 1.66 ലക്ഷത്തിലധികം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 19,835 കേസുകള്‍ ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എട്ട് മാസം പ്രായമുള്ള റോജാതുന്‍ ജന്നത്ത് റമീസ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കിഴക്കന്‍ ബംഗ്ലാദേശിലെ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ധാക്കയിലെ ശിശു ആശുപത്രിയിലേക്ക് റമീസയെ മാറ്റുകയായിരുന്നു. രോഗബാധിതരായ കുട്ടികളില്‍ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, വായിലെ വ്രണങ്ങള്‍, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണുന്നത്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ബംഗ്ലാദേശ് സര്‍ക്കാര്‍ ലോകാരോഗ്യ സംഘടന (WHO), യുനിസെഫ്, ഗാവി വാക്‌സിന്‍ അലയന്‍സ് എന്നിവയുടെ സഹകരണത്തോടെ മാര്‍ച്ചില്‍ അടിയന്തര വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചിരുന്നു. ആദ്യം ആറ് മാസം മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു വാക്‌സിനേഷന്‍. പിന്നീട് പദ്ധതി രാജ്യവ്യാപകമായി ഘട്ടംഘട്ടമായി വ്യാപിപ്പിച്ചു. വളരെ വേഗത്തില്‍ പകരുന്ന വൈറസ് രോഗമായ അഞ്ചാംപനി ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മസ്തിഷ്‌കവീക്കത്തിനും ചിലപ്പോള്‍ മരണത്തിനും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
അഞ്ചാംപനി വ്യാപനം തടയാന്‍ ജനസംഖ്യയുടെ 95 ശതമാനത്തിനും വാക്‌സിന്‍ ലഭിച്ചിരിക്കണമെന്നാണ് WHOയുടെ നിര്‍ദേശം. എന്നാല്‍ 2025ല്‍ ബംഗ്ലാദേശിലെ കുട്ടികളില്‍ ഏകദേശം 86 ശതമാനം പേര്‍ക്ക് മാത്രമാണ് ശുപാര്‍ശ ചെയ്ത രണ്ടാം ഡോസ് വാക്‌സിന്‍ ലഭിച്ചത്. 2024ല്‍ ഇത് 93 ശതമാനമായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പതിവ് വാക്‌സിനേഷന്‍ തടസ്സപ്പെട്ടതും 2024ല്‍ പതിവായി നടത്തിവന്ന വാക്‌സിനേഷന്‍ ക്യാംപയിന്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാതിരുന്നതും വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാക്‌സിനേഷന്‍ സംവിധാനത്തിലുണ്ടായ തടസ്സങ്ങള്‍ രോഗവ്യാപനത്തിന് വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍. 2021 മുതല്‍ 2025 വരെ പ്രതിവര്‍ഷം 100 മുതല്‍ 300 വരെ അഞ്ചാംപനി കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്; 2020ല്‍ ഇത് 2,410 ആയിരുന്നു. നിലവില്‍ ആശുപത്രികളിലെത്തുന്ന കുട്ടികളില്‍ ന്യൂമോണിയ, വയറിളക്കം, എന്‍സഫലൈറ്റിസ് അഥവാ മസ്തിഷ്‌കവീക്കം തുടങ്ങിയ ഗുരുതര സങ്കീര്‍ണതകള്‍ കൂടുതലായി കാണുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ച്ചയായി ആറുമാസമായി അഞ്ചാംപനി ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തളര്‍ന്നിരിക്കുകയാണെന്നും ബംഗ്ലാദേശ് ശിശു ആശുപത്രിയിലെ വിദഗ്ധന്‍ അതിഖുല്‍ ഇസ്ലാം പറഞ്ഞു.
Vaccination lapse: Measles outbreak intensifies in Bangladesh; death toll nears 1,000.

















