ഇ-ബൈക്കില്‍ സഞ്ചരിച്ച രണ്ട് പെണ്‍കുട്ടികളുടെ എസ് യു വി ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 18കാരന്‍ കുറ്റം നിഷേധിച്ചു

ഇ-ബൈക്കില്‍ സഞ്ചരിച്ച രണ്ട് പെണ്‍കുട്ടികളുടെ എസ് യു വി ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 18കാരന്‍ കുറ്റം നിഷേധിച്ചു

ന്യൂജേഴ്സി: ഇ-ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് കൗമാരക്കാരികളെ എസ്യുവി ഇടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ 18കാരന്‍ കുറ്റം നിഷേധിച്ചു. വിന്‍സെന്റ് ബാറ്റിലോറോ എന്ന യുവാവാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി തനിക്കെതിരായ കൊലക്കുറ്റങ്ങള്‍ നിഷേധിച്ചത്. 17 വയസ്സുകാരികളായ മരിയ നിയോട്ടിസിനെയും ഇസബെല്ല സാലസിനെയും മനഃപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. ഈ മാസം ആദ്യം ഒന്നാം ഡിഗ്രി കൊലപാതകത്തിന് രണ്ട് കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

2025 സെപ്റ്റംബര്‍ 29ന് ക്രാന്‍ഫോര്‍ഡിലെ റോഡിലായിരുന്നു അപകടം. ഇ-ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് സുഹൃത്തുക്കളെയും അമിതവേഗത്തിലെത്തിയ ജീപ്പ് കോംപസ് ഇടിച്ചു തെറിപ്പിച്ചതായാണ് അധികൃതര്‍ പറയുന്നത്. ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ സമീപത്തുനിന്ന് കണ്ടെത്തിയ എസ്യുവിയുടെ മുന്‍ഭാഗം ഗുരുതരമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും വാഹനത്തിന്റെ മുന്‍വശത്ത് ഇ-ബൈക്ക് കുടുങ്ങിയിരുന്നുവെന്നും രേഖകളില്‍ പറയുന്നു. അപകടത്തിനുശേഷം പ്രതി കാല്‍നടയായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പരാതിയിലുണ്ട്.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍, അന്ന് ഉച്ചയ്ക്ക് വാഹനം ഓടിക്കുന്നതിനിടെ കത്തിയുമായി എത്തിയ മുഖംമൂടി ധരിച്ച ഒരാള്‍ കാര്‍ തട്ടിയെടുത്തുവെന്നായിരുന്നു ബാറ്റിലോറോയുടെ മൊഴിയെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്. സംഭവസമയത്ത് 17 വയസായിരുന്നു ഇയാളുടെ പ്രായം. അറസ്റ്റിലായശേഷം ആദ്യം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള കോടതിയിലാണ് കേസ് പരിഗണിച്ചത്. എന്നാല്‍ ജൂണില്‍ കേസ് മുതിര്‍ന്നവര്‍ക്കുള്ള കോടതിയിലേക്ക് മാറ്റി. മുതിര്‍ന്ന പ്രതിയായശേഷം ആദ്യമായി കോടതിയില്‍ ഹാജരായ തിങ്കളാഴ്ച ബാറ്റിലോറോ നേരിട്ട് സംസാരിച്ചില്ല. ഇയാളുടെ അഭിഭാഷകനാണ് കുറ്റം നിഷേധിച്ചുകൊണ്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത്.

മരിച്ച പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ തിങ്കളാഴ്ചത്തെ കോടതി നടപടികളില്‍ പങ്കെടുത്തു. മരിയയുടെയും ഇസബെല്ലയുടെയും ചിത്രങ്ങളും പേരുകളും പതിച്ച വസ്ത്രങ്ങള്‍ ധരിച്ചാണ് അവര്‍ കോടതിയിലെത്തിയത്. ഇരുവരും ഇന്ന് ജീവിച്ചിരിക്കേണ്ടവരായിരുന്നുവെന്നും ഈ ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് അറിയാന്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിലെ മാതാപിതാക്കള്‍ക്കും അവകാശമുണ്ടെന്നും കുടുംബങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

An 18-year-old has denied the charge in connection with an incident where an SUV struck and killed two girls traveling on an e-bike.

Share Email
LATEST excelnclexrn
Top