കാണാതായ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത് ടാങ്കിനുള്ളില്‍; ഭര്‍ത്താവിന് 70 വര്‍ഷം വരെ തടവുശിക്ഷ

കാണാതായ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത് ടാങ്കിനുള്ളില്‍; ഭര്‍ത്താവിന് 70 വര്‍ഷം വരെ തടവുശിക്ഷ

വാഷിംഗടണ്‍: മിഷിഗണില്‍ കാണാതായ ബിസിനസുകാരി ഡീ വാര്‍ണറുടെ മൃതദേഹം ടാങ്കിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് 70 വര്‍ഷം വരെ തടവ്. സ്ത്രീയുടെ തിരോധാനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍. 2021 ഏപ്രില്‍ 25നാണ് അഞ്ച് മക്കളുടെ അമ്മയായ 52കാരി ഡീ വാര്‍ണറെ കാണാതായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഡെയ്ല്‍ വാര്‍ണര്‍ കുറ്റക്കാരനാണെന്ന് 2026 ഫെബ്രുവരിയില്‍ കോടതി കണ്ടെത്തി. 70 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

സംഭവ ദിവസം രാവിലെ ആറിന് ഭാര്യയെ കണ്ടിരുന്നതായും കൃഷിയിടത്തില്‍ ജോലിക്കായി പോയതായും ഡെയ്ല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വഴക്കിനെത്തുടര്‍ന്ന് ഡീ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത് പതിവാണെന്നും അതിനാല്‍ തിരോധാനത്തില്‍ ആശങ്കയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ഡീയുടെ മകള്‍ റിക്കെല്‍ ബോക്കും കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തിയ അന്വേഷണശ്രമങ്ങള്‍ ഫലം കണ്ടില്ല. ഡീയുടെ ഫോണ്‍ രാവിലെ 7.14 മുതല്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും വിവാഹമോതിരം ഭര്‍ത്താവിന്റെ മേശപ്പുറത്ത് ഉപേക്ഷിച്ച നിലയിലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഡീയുടെ തിരോധാനത്തില്‍ ഡെയ്ലിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു രംഗത്തു വന്നിരുന്നു. ഡീയുടെ സഹോദരന്‍ ഗ്രെഗ് ഹാര്‍ഡി, സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ‘Help Dale Find Dee’ എന്നെഴുതിയ പരസ്യബോര്‍ഡ് സ്ഥാപിച്ചു.

കേസ് മിഷിഗണ്‍ സ്റ്റേറ്റ് പൊലീസിന് കൈമാറിയതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമായി. ഡീയെ കാണാതായശേഷം 1,000 ഗാലന്‍ ശേഷിയുള്ള പ്രൊപ്പെയ്ന്‍ ടാങ്ക് മണ്ണിനടിയില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ ഡെയ്ല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.ദമ്പതികളുടെ 1,500 ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ വ്യാപകമായ പരിശോധന നടത്തിയ പൊലീസ് ഒടുവില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ അമോണിയം രാസവാതക സംഭരണ ടാങ്കിനുള്ളില്‍ ഡീയുടെ മൃതദേഹം കണ്ടെത്തി. പുതുതായി പെയിന്റ് ചെയ്ത നിലയിലായിരുന്ന ടാങ്കില്‍ ഉപയോഗിക്കരുത് എന്ന സ്റ്റിക്കറും പതിച്ചിരുന്നു. എക്‌സ്-റേ പരിശോധനയിലാണ് മൃതദേഹം ടാങ്കിനുള്ളിലുണ്ടെന്ന് വ്യക്തമായത്. പൈജാമ ധരിച്ച നിലയിലും കാലില്‍ ചെരിപ്പില്ലാതെയും ടാര്‍പോളിനില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു മൃതദേഹം. കഴുത്തു ഞെരിച്ചും തലയ്ക്ക് മാരകമായ ആഘാതമേറ്റുമാണ് ഡീ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു.

Body of missing wife found inside a tank; husband faces up to 70 years in prison.

Share Email
LATEST excelnclexrn
More Articles
Top