ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി സി.ജെ.പി. (CJP) ജന്ദർ മന്തിറിലേക്ക് പുതിയ സമരത്തിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ 10 മണിക്ക് സമരം ആരംഭിക്കുമെന്ന് സി.ജെ.പി. നേതാവ് അജിങ്ക്യ ഷിൻഡെ അറിയിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നിലപാടുകൾക്കുമെതിരെയുള്ള പുതിയ പോരാട്ടത്തിന്റെ തുടക്കമാണിതെന്ന് അജിങ്ക്യ ഷിൻഡെ വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ലഭിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പൊലീസിന്റെ കസ്റ്റഡി നടപടികളും എഫ്.ഐ.ആറുകളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും തീരുമാനം.
















