ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സിജെപി രംഗത്ത്. ‘ജനാധിപത്യം സംരക്ഷിക്കാനുള്ള അന്തിമ ആഹ്വാനം’ എന്ന മുദ്രാവാക്യമുയർത്തി നാളെ രാവിലെ 10 മണിക്ക് ജന്തർ മന്ദറിലേക്ക് എത്തിച്ചേരാൻ അണികളോട് സിജെപി ആഹ്വാനം ചെയ്തു. സമരം തടയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയാണെന്ന് സിജെപിയും ഇടതുപക്ഷ സംഘടനകളും കുറ്റപ്പെടുത്തി. ദില്ലിയിൽ സുരക്ഷ ഉറപ്പാക്കാൻ 70 കമ്പനി കേന്ദ്രസേനയെക്കൂടി വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ തലസ്ഥാനത്തെ ക്രമസമാധാന നില നിരന്തരം വിലയിരുത്തുന്നുണ്ട്.
അതേസമയം, പ്രതിഷേധത്തിന്റെ പേരിൽ ദില്ലിയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ദില്ലി പൊലീസിന്റെ നീക്കത്തിന് സുപ്രീം കോടതി തടയിട്ടു. സമരം നേരിടാൻ മെട്രോ സർവീസുകൾ അടച്ചിടാനും ദില്ലിയിലേക്കുള്ള തീവണ്ടികൾ പൂർണ്ണമായി റദ്ദാക്കാനുമുള്ള പൊലീസിന്റെ നീക്കമാണ് സുപ്രീം കോടതി ഇടപെട്ട് തടഞ്ഞത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സാഹചര്യത്തിനനുസരിച്ച് ക്രമീകരണങ്ങൾ മാത്രം ഏർപ്പെടുത്തിയാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
“ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കേണ്ടതില്ല” എന്ന് നിരീക്ഷിച്ച പരമോന്നത കോടതി, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കി. അതേസമയം, പൊലീസിന്റെ ഔദ്യോഗിക അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ഓർമ്മിപ്പിച്ചു. വലിയ സുരക്ഷാ സന്നാഹങ്ങളോടെ ദില്ലി പൊലീസ് നിലയുറപ്പിച്ചിരിക്കുന്നതിനാൽ നാളത്തെ പ്രതിഷേധം വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


















