വാഷിംഗടണ്‍: ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ വിവേക് രാമസ്വാമിയുടെ വിവാദ പ്രചാരണ പരസ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് അയോവയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റ് സ്ഥാനാര്‍ഥിയും ജനപ്രതിനിധിയുമായ ആഷ്ലി ഹിന്സണ് രംഗത്ത് . ഡെമോക്രാറ്റിക് എതിരാളി ആമി ആക്ടന്റെ അമ്മയെ ഉള്‍പ്പെടുത്തി തയാറാക്കിയ പ്രചാരണ പരസ്യത്തിനെതിരെയാണ് ഹിന്സണ് രംഗത്തെത്തിയത്. പരസ്യത്തെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ ഭിന്നത രൂക്ഷമായി.
പരസ്യത്തില്‍ ആമി ആക്ടന്റെ അമ്മ ഡോണ ആര്‍തര്‍, മകള്‍ തന്റെ കഴിഞ്ഞകാലത്തെക്കുറിച്ചും കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചും കള്ളം പറഞ്ഞിട്ടുണ്ടെന്ന് ആരോപിക്കുന്നുണ്ട്. എന്നാല്‍, കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ട അനുഭവത്തെക്കുറിച്ച് ആക്ടന്‍ പരസ്യമായി സംസാരിച്ചിട്ടുണ്ട്. ഒന്‍പത് മുതല്‍ 12 വയസ്സുവരെയുള്ള കാലയളവില്‍ അമ്മയുടെ രണ്ടാം ഭര്‍ത്താവില്‍നിന്ന് പീഡനം നേരിട്ടതായി അവര്‍ ആരോപിച്ചിരുന്നു. 12 വയസ്സിന് ശേഷം അമ്മയുമായി സംസാരിച്ചിട്ടില്ലെന്നും ആക്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ വീണ്ടും ടെലിവിഷനിലൂടെ ഓര്‍മിപ്പിക്കുന്നത് ക്രൂരമാണെന്നും പരസ്യം പിന്‍വലിക്കണമെന്നും ഹിന്സണ് പ്രതികരിച്ചു.
പരസ്യത്തെ പ്രതിരോധിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും ഹിന്സണ് വിമര്‍ശിച്ചു. പരസ്യത്തിനെതിരെ രംഗത്തെത്തിയ റിപ്പബ്ലിക്കന്‍ നേതാക്കള്‍ പരാതിപ്പെടുന്നത് തന്നെ വെറുപ്പിക്കുന്നുവെന്ന് വാന്‍സ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അയോവയിലെയും ഒഹായോയിലെയും ജനങ്ങള്‍ സഹാനുഭൂതിയുള്ള നേതാക്കളെയാണ് ആഗ്രഹിക്കുന്നതെന്നും ഹിന്സണ് പറഞ്ഞു. രാഷ്ട്രീയ എതിരാളിയാണെങ്കിലും ഒരാളെ കുട്ടിക്കാലത്തെ ദുരനുഭവങ്ങളിലേക്ക് വീണ്ടും തള്ളിവിടാന്‍ താന്‍ ആഗ്രഹിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹിന്സണെ നേരത്തേ പിന്തുണച്ച ട്രംപ് വ്യാഴാഴ്ച സമൂഹമാധ്യമത്തിലൂടെ രാമസ്വാമിയുടെ പരസ്യത്തെ ന്യായീകരിച്ചു. പരസ്യം പിന്‍വലിക്കേണ്ടതില്ലെന്നും അത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്സണിന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ആക്ടന്റെ അമ്മ മകളെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുമ്പോള്‍ അത് മറച്ചുവെക്കേണ്ടതെന്തിനെന്നും അദ്ദേഹം ചോദിച്ചു. പരസ്യത്തെ രൂക്ഷമായി വിമര്‍ശിച്ച ഒഹായോ ഗവര്‍ണര്‍ മൈക്ക് ഡിവൈനെയും ട്രംപ് വിമര്‍ശിച്ചു. ഇതിനിടെ, അയോവയിലെ സിയോക്സ് സിറ്റിയില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന പ്രചാരണ റാലിയില്‍ ട്രംപിനൊപ്പം ഹിന്സണ് പങ്കെടുക്കാനിരിക്കുകയായിരുന്നു.
നവംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന നിര്‍ണായക ഇടക്കാല തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് വിവാദം ശക്തമായത്. ഒഹായോയില്‍ പുതിയ ഗവര്‍ണറെ തിരഞ്ഞെടുക്കുന്നതിനൊപ്പം സെനറ്റിലേക്കും ജനപ്രതിനിധിസഭയിലേക്കുമുള്ള മത്സരങ്ങളും നടക്കും. ഇവയുടെ ഫലം കോണ്‍ഗ്രസിലെ അധികാരസന്തുലിതാവസ്ഥയെ സ്വാധീനിച്ചേക്കാം.
Controversial campaign ad: Ashley Hinson criticizes Ramaswamy



















