തിരുവനന്തപുരം/ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തി ഡൽഹി പോലീസിന്റെ കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മോചനത്തിനായി അതിവേഗ നടപടികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി കസ്റ്റഡിയിലുള്ള സാഹചര്യവും നിലവിലെ സ്ഥിതിഗതികളും വിലയിരുത്താൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി അടിയന്തര നിർദ്ദേശം നൽകി.
ഡൽഹിയിലെ റെസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മോചനത്തിന് ആവശ്യമായ എല്ലാ നിയമപരമായ ഇടപെടലുകളും നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് മൂന്നര മണിക്കൂറോളം പോലീസ് വാഹനത്തിൽ വട്ടംകറക്കിയതായും, ഇതിനെത്തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ അടിയന്തര ഇടപെടൽ.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. ജനപ്രതിനിധികളുടെ പ്രതിഷേധത്തെ അടിച്ചമർത്തുന്ന ഡൽഹി പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പിണറായി വിജയന്റെ ആരോഗ്യനിലയും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ തലത്തിലും ഡൽഹിയിലെ ഉദ്യോഗസ്ഥർ വഴിയും നിരന്തരമായ ഏകോപനം നടന്നു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.



















