ടോക്കിയോ: ജപ്പാനിലെ ഒകിനാവയില്‍ ഹോട്ടലില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 20കാരനായ അമേരിക്കന്‍ നാവികസേനാ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കവര്‍ച്ച, കൊലപാതകം എന്നീ കുറ്റങ്ങളാണ് യുഎസ് മറൈന്‍ കോര്‍പ്സിലെ ലാന്‍സ് കോര്‍പറല്‍ ഡെവിന് ജേക്കബ് ബല്ലാര്ഡിനെതിരെ ചുമത്തിയിരിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് നഹാ നഗരത്തിലെ ഹോട്ടലില്‍ 39കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ജപ്പാനിലെ പൊതുമാധ്യമമായ എന്‍എച്ച്കെ, നഹാ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിനെയും മറ്റ് വൃത്തങ്ങളെയും ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നഹാ സ്വദേശിനിയായ യുവതിയുടെ കഴുത്തില്‍ ടെലിഫോണ്‍ റിസീവറിന്റെ വയര്‍ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ബല്ലാര്ഡിനെതിരായ ആരോപണം. യുവതിയുടെ പണവും മറ്റ് സാധനങ്ങളും അടങ്ങിയ ബാഗും ഇയാള്‍ മോഷ്ടിച്ചതായി ആരോപണമുണ്ട്. ഒകിനാവയിലെ ഫ്യൂട്ടെന്മ സൈനിക താവളത്തില്‍ സേവനമനുഷ്ഠിക്കുന്ന ബല്ലാര്‍ഡ് സംഭവസമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സുരക്ഷാ ക്യാമറാ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു വിദേശിയെപ്പോലെ തോന്നിക്കുന്നയാള്‍ യുവതിക്കൊപ്പം ഹോട്ടലില്‍ പ്രവേശിക്കുന്നതും പിന്നീട് യുവതിയുടെ സാധനങ്ങളുമായി പുറത്തുപോകുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യങ്ങളിലുള്ളയാളുടെ ഹെയര്‍സ്റ്റൈലും ശരീരത്തിലെ ടാറ്റൂകളും ബല്ലാര്ഡിന്റേതുമായി സാമ്യമുള്ളതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. യുവതിയുടെ ചില സാധനങ്ങള്‍ ഹോട്ടലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായും പ്രാദേശിക പൊലീസ് അറിയിച്ചു.
സംഭവം ഒകിനാവയിലും ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സംഭവത്തില്‍ ജപ്പാന് സര്‍ക്കാര്‍ അമേരിക്കയെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു. അത്യന്തം ക്രൂരമായ സംഭവത്തില്‍ ജപ്പാന് സര്‍ക്കാരിന് കടുത്ത ഖേദമുണ്ടെന്നും അമേരിക്കന്‍ അധികൃതരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സനേ തകൈച്ചി കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ജപ്പാനില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംഭവം വഴിവച്ചിട്ടുണ്ട്.
അറസ്റ്റിലായ സമയത്തെ ചോദ്യം ചെയ്യലില്‍ തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ബല്ലാര്‍ഡ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവത്തില്‍ പങ്കുണ്ടെന്ന് ഭാഗികമായി സൂചിപ്പിക്കുന്ന പ്രസ്താവനകള്‍ ഇയാള്‍ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ കുറ്റസമ്മത മൊഴിയുണ്ടോയെന്ന കാര്യം പ്രോസിക്യൂഷന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Incident involving the strangulation death of a young woman at a hotel in Japan: Charge sheet filed against a US Navy official.

















