ഗ്യാനേഷിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ പ്രതീകാത്മക കുറ്റവിചാരണ, 7 കുറ്റങ്ങൾ ഉന്നയിച്ച് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിച്ചു

ഗ്യാനേഷിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ പ്രതീകാത്മക കുറ്റവിചാരണ, 7 കുറ്റങ്ങൾ ഉന്നയിച്ച് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹി രാജാജിമാർഗിലെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, എം.എ. ബേബി, ഡി. രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, ഐഷി ഘോഷ്, നേഹ ബോറ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ അണിനിരന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമവിരുദ്ധ നടപടികൾ തുറന്നുകാട്ടാനാണ് പ്രതിഷേധമെന്ന് നേതാക്കൾ വ്യക്തമാക്കി.

മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറായും സൗഗത റായ്, അവധേഷ് പ്രസാദ് എന്നിവർ ഡെപ്യൂട്ടി ഓഫീസർമാരായും നടപടികൾക്ക് നേതൃത്വം നൽകി. രാജ്യത്ത് വോട്ടർപട്ടികയിൽ വലിയ രീതിയിലുള്ള അട്ടിമറിയാണ് നടന്നതെന്നും പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അനധികൃതമായി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും മീരാ കുമാർ ആരോപിച്ചു. പാർലമെന്റിൽ നടക്കേണ്ട ഇത്തരം പ്രതിഷേധങ്ങൾ പ്രതിപക്ഷത്തിന് തെരുവിൽ നടത്തേണ്ടി വരുന്നത് ബി.ജെ.പി സർക്കാരിന്റെ അരാജകത്വം മൂലമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഈ പ്രതിഷേധം നാളെ മഹാറാലിയായി മാറ്റി സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

പ്രതീകാത്മക യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരം രാജ്യത്തെ വോട്ടവകാശവും ജനാധിപത്യവും ഇല്ലാതാക്കാനാണ് കമ്മീഷൻ ശ്രമിച്ചതെന്ന് ഖർഗെ ആരോപിച്ചു. കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട് മോഷണങ്ങൾ രാഹുൽ ഗാന്ധി കൈയോടെ പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട അനിത ജയ്സ്വാൾ അടക്കമുള്ള സാധാരണക്കാരും ടി.എം.സി എം.പി സാഗരിക ഘോഷും പ്രമേയത്തെ പിന്തുണച്ചു.

ബി.ജെ.പിയുടെ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി 13 കോടിയോളം വോട്ടർമാരെ ഒഴിവാക്കിയതടക്കം 7 കുറ്റങ്ങളാണ് പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചത്. പാർലമെന്റ് അറിയാതെ ഫോം 6-ൽ മാറ്റം വരുത്തുക, ഇ.സി.ഐ നെറ്റ് സംവിധാനം പിടിച്ചെടുക്കുക, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സ്വതന്ത്ര തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുകയും ഭരണഘടനയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്ത ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
Top