ബെംഗളൂരു: പ്രത്യേക തീവ്ര തിരുത്തൽ പ്രക്രിയയ്ക്ക് (എസ്.ഐ.ആർ) ശേഷം കർണാടകത്തിലെ അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 4,55,00,011 വോട്ടർമാരാണുള്ളത്. എസ്.ഐ.ആറിന് മുമ്പ് രജിസ്റ്റർ ചെയ്തിരുന്ന 5,54,32,314 വോട്ടർമാരെ അപേക്ഷിച്ച് നിലവിൽ വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം 99.32 ലക്ഷത്തിന്റെ ഭീമമായ കുറവാണുണ്ടായിരിക്കുന്നത്. എന്നാൽ, 1.07 കോടിയിലധികം പേരുകൾ ഒഴിവാക്കിയ കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ, അന്തിമ പട്ടികയിൽ 8.64 ലക്ഷം വോട്ടർമാർ പുതുതായി ഉൾപ്പെട്ടിട്ടുണ്ട്.
പുറത്തിറക്കിയ അന്തിമ വോട്ടർ പട്ടികയിലെ വിവരങ്ങളനുസരിച്ച് 2.25 കോടിയിലധികം പുരുഷന്മാരും 2.29 കോടിയിലധികം സ്ത്രീകളും 2,841 ഭിന്നലിംഗ വോട്ടർമാരുമാണ് സംസ്ഥാനത്തുള്ളത്. കൂടാതെ 18-നും 19-നും ഇടയിൽ പ്രായമുള്ള 6.83 ലക്ഷത്തിലധികം പുതിയ വോട്ടർമാരും 85 വയസ്സിന് മുകളിലുള്ള 3.92 ലക്ഷത്തിലധികം മുതിർന്ന പൗരന്മാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട കരട് പട്ടികയിൽ, താമസം മാറിയവരെന്നോ വിവരശേഖരണ സമയത്ത് കണ്ടെത്താൻ സാധിക്കാത്തവരെന്നോ ഉള്ള വിഭാഗത്തിൽപ്പെടുത്തി 80.62 ലക്ഷം ആളുകളുടെ പേരുകൾ ഒഴിവാക്കിയിരുന്നു.
ഇതിനുപുറമെ, മരണപ്പെട്ടതായി രേഖപ്പെടുത്തിയ 16.39 ലക്ഷം പേരെയും പേര് ഇരട്ടിച്ച ഏഴ് ലക്ഷത്തിലധികം ആളുകളെയും ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിൽപ്പെട്ട 3.83 ലക്ഷം പേരെയും പട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. താമസം മാറിയതുകൊണ്ടോ കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടോ പേര് ഒഴിവാക്കപ്പെട്ടവർ വീണ്ടും പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6 സമർപ്പിക്കേണ്ടതുണ്ടായിരുന്നു. പുതിയ വോട്ടർമാരുടെ അപേക്ഷകൾ ഉൾപ്പെടെ ആകെ 7,87,534 അപേക്ഷകളാണ് തിരുത്തൽ നടപടികൾക്കായി തിരഞ്ഞെടുപ്പ് അധികൃതർക്ക് ലഭിച്ചത്.



















