അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ കൊള്ളകൾ മറയ്ക്കാൻ സർക്കാർ വിവരാവകാശ നിയമത്തിന്റെ കഴുത്തുഞെരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിജിലൻസിലെ ടി ബ്രാഞ്ച് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനും പകൽക്കൊള്ളക്കാർക്ക് കുടപിടിച്ചു കൊടുക്കാനുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് രേഖകൾ പുറത്തുവന്നപ്പോഴാണ് പുതിയ വിജ്ഞാപനം വന്നതെന്നും, ഭരണത്തണലിൽ അഴിമതി നടത്തുന്നവരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സുതാര്യതയെയും ഉത്തരവാദിത്തത്തെയും സർക്കാർ ഭയപ്പെടുന്നുണ്ടെങ്കിൽ അവിടെ അഴിമതി എത്രമാത്രം ആഴത്തിൽ പടർന്നിട്ടുണ്ടെന്ന് ചിന്തിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. സ്വന്തം തട്ടിപ്പുകൾ പുറത്തുവരുമെന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിടുന്ന ഈ ജനവിരുദ്ധ നാടകത്തിന് എഐസിസി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും, കട്ടവനെ കാവൽക്കാരനാക്കുന്ന ഈ കള്ളക്കളി കേരളത്തിലെ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായിയുടെ വാക്കുകൾ
അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ. രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെക്കാൻ വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മുടി വെക്കാനുള്ള നഗ്നമായ ഇടപെടലാണ്. പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കലാണിത്.
മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലൻസ് രേഖകൾ പുറത്തുവന്ന് മുഖം വികൃതമായപ്പോൾത്തന്നെ ഇറങ്ങിയ ഈ വിജ്ഞാപനം ഭരണത്തണലിൽ അഴിമതി ആറാട്ട് നടത്തുന്ന ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണ്.
വിവരാവകാശ നിയമം തങ്ങളുടെ ‘തറവാട്ടുസ്വത്ത്’ ആണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ്, അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണ്.
ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമ്മർദ്ദവും ഇടപെടലും കാരണമാണ് യുപിഎ കാലത്ത് ഈ ജനകീയ ആയുധം രാജ്യത്ത് പിറവിയെടുത്തത്. എന്നാൽ ഇന്ന് സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ഭരണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രമാത്രം ഭയക്കുന്നുണ്ടെങ്കിൽ, അവിടെ അഴിമതിയുടെ വേരുകൾ എത്രമാത്രം ആഴത്തിൽ പടർന്നിട്ടുണ്ടാകും എന്നാണ് ചിന്തിക്കേണ്ടത്.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള കേരളത്തിലെ ഈ ജനവിരുദ്ധ നാടകത്തിന് എഐസിസി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമാക്കണം. കട്ടവനെ കാവൽക്കാരനാക്കി മാറ്റുന്ന ഈ കള്ളക്കളി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല.



















