ഫ്‌ളോറിഡ: എ ആന്‍ഡ് എം സര്‍വകലാശാലയ്ക്ക് സമീപമുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് 15കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ ആറ് കുട്ടികളടക്കം 12 പേര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റുവിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആന്റണി റിവേഴ്സ് മൂന്നാമന്‍ എന്ന 15 കാരനെതിരെ രണ്ടാം ഡിഗ്രി കൊലപാതകശ്രമത്തിന് 11 കുറ്റങ്ങളും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തയാള്‍ തോക്ക് കൈവശംവെച്ചതിനുള്ള കുറ്റവും ഉള്‍പ്പെടെ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ഫ്‌ലോറിഡ എ ആന്‍ഡ് എം സര്‍വകലാശാലയിലെ ബ്രാഗ് മെമ്മോറിയല്‍ സ്റ്റേഡിയത്തിന് പുറത്തുള്ള പെറി, മാനറ്റി സ്ട്രീറ്റുകള്‍ക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തിന് മുമ്പ് ചിലര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ആരും അക്രമിയുടെ നേരിട്ടുള്ള ലക്ഷ്യമായിരുന്നില്ലെന്നാണ് നിലവിലെ വിലയിരുത്തലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
അറസ്റ്റിലായ 15കാരനെ പ്രായപൂര്‍ത്തിയായ വ്യക്തിയെപ്പോലെ വിചാരണ ചെയ്യുമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ജാക്ക് ക്യാംപ്‌ബെല്‍ തിങ്കളാഴ്ച അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും പൊലീസ് വ്യക്തമാക്കി.
വെടിവെപ്പില്‍ പരിക്കേറ്റവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് 11 വയസ്സാണെന്ന് പൊലീസ് മേധാവി അറിയിച്ചു് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ പൊലീസ് നല്‍കിയ വിവരമനുസരിച്ച്, പരിക്കേറ്റവരില്‍ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇതില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മറ്റ് അഞ്ച് പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
വെടിവെപ്പ് സര്‍വകലാശാലയുടെ ക്യാമ്പസിനുള്ളില്‍ നടന്നതല്ലെങ്കിലും പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായം നല്‍കുമെന്ന് ഫ്‌ലോറിഡ എ ആന്‍ഡ് എം സര്‍വകലാശാല പ്രസിഡന്റ് മാര്‍വ ബി. ജോണ്‍സണ്‍ അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Shooting near the University of Florida: 15-year-old arrested



















