ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ; ലിയോ മാര്‍പാപ്പയെ ഇന്ന് ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കും

ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ; ലിയോ മാര്‍പാപ്പയെ ഇന്ന് ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കും

റോം: ശ്വാസകോശത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ഇറ്റാലിയന്‍ സമയം ചൊവ്വാഴ്ച്ച റോമിലെ ആശുപത്രിയില്‍ പ്രവേശിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് മാര്‍പാപ്പ ഞായറാഴ്ച അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ ശസ്ത്രക്രിയ നടത്താനാണ് തീരുമാനമെന്നും വത്തിക്കാന്‍ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ശസ്ത്രക്രിയ സംബന്ധിച്ച വിവരം ഞായറാഴ്ച രാവിലെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോപ്പ് ലിയോ, ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്കുശേഷം ശസ്ത്രക്രിയയാണ് ഉചിതമെന്ന് നിര്‍ദേശിച്ചതായി പറഞ്ഞു. അവരുടെ ഉപദേശം സ്വീകരിച്ചാണ് മുഴ നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കണമെന്നും ആത്മീയ പിന്തുണ നല്‍കണമെന്നും മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

അമേരിക്കന്‍ ലങ് അസോസിയേഷന്റെ വിവരണമനുസരിച്ച്, ശ്വാസകോശത്തിലെ പഴയ മുറിവുകളുടെ പാടുകള്‍,അണുബാധകള്‍, വീക്കം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഇത്തരം മുഴകള്‍ രൂപപ്പെടാം. ചില സാഹചര്യങ്ങളില്‍ അര്‍ബുദവും കാരണമാകാം.
എക്സ്റേ, സിടി സ്‌കാന്‍ തുടങ്ങിയ പരിശോധനകളിലൂടെയാണ് സാധാരണയായി ശ്വാസകോശത്തിലെ മുഴകള്‍ കണ്ടെത്തുന്നത്. മുഴയുടെ വലുപ്പം, രൂപം, വളര്‍ച്ചയുടെ വേഗം, കാരണം എന്നിവ വിലയിരുത്തിയശേഷമാണ് ചികിത്സ തീരുമാനിക്കുക.

പോപ്പിന്റെ ആരോഗ്യനിലയില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ചിക്കാഗോയിലെ നോര്‍ത്ത്വെസ്റ്റേണ്‍ മെഡിസിനിലെ ശസ്ത്രക്രിയാ വിഭാഗം പ്രൊഫസര്‍ ഡോ. സാമുവല്‍ കിം അഭിപ്രായപ്പെട്ടു. എഴുപതുകളിലുള്ള പോപ്പ് സജീവമായ ജീവിതം നയിക്കുന്നുണ്ടെന്നും അതിനാല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വേഗത്തില്‍ സുഖം പ്രാപിക്കാനാകുമെന്നും അദ്ദേഹം എബിസി ന്യൂസിന്റെ അനുബന്ധ ചാനലായ ഡബ്ല്യുഎല്‍എസിനോട് പറഞ്ഞു. അതേസമയം, ശസ്ത്രക്രിയയുടെ വിശദാംശങ്ങളോ തുടര്‍ചികിത്സ സംബന്ധിച്ച വിവരങ്ങളോ വത്തിക്കാന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Surgery to remove a lung nodule; Pope Francis to be admitted to Gemelli Hospital today.

Share Email
LATEST excelnclexrn
More Articles
Top