വ്യാഴാഴ്ച ഒരു ഡെന്റിസ്റ്റ് ക്ലിനിക്കിലെ കാത്തിരിപ്പുമുറിയിലിരിക്കുമ്പോള് വെറുതെ അവിടെയുള്ള ടേബിളില് കിടന്നിരുന്ന പുസ്തകങ്ങള് മറിച്ചുനോക്കുകയായിരുന്നു ഞാന്. പെട്ടെന്നാണ് വര്ഷങ്ങളായി മനസ്സില് തങ്ങിനിന്നിരുന്ന ആ മലയാളം പുസ്തകം എന്റെ കണ്ണില്പെട്ടത്: ”തമ്പിയുടെ ഹൃദയം”.
ആ നിമിഷം എന്റെ മനസ്സ് പതിറ്റാണ്ടുകള് പിന്നിലേക്ക് സഞ്ചരിച്ചു. നാലോ അഞ്ചോ വയസ്സുള്ളപ്പോള് സണ്ഡേ സ്കൂളില് പഠിച്ച ആ പഴയ നാളുകള് തിരികെയെത്തി. വിശ്വാസജീവിതത്തിന്റെ ആദ്യപാഠങ്ങള് പകര്ന്നുനല്കിയ അക്കാലത്ത് ഞങ്ങളെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു ഈ കൃതി.
ഇതിനിടയില് നേഴ്സ് വന്നു അകത്തേക്ക് കയറി വരാന് ആവശ്യപ്പെട്ടു. ഫ്രണ്ട് ഡെസ്കിലെ സെക്രട്ടറിയുടെ അനുമതിയോടെ ഞാന് ആ പുസ്തകം വാങ്ങി കയ്യില് സൂക്ഷിച്ചു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ പന്ത്രണ്ടു മണിക്കൂര് ജോലിക്കെത്തിയപ്പോള് ലഭിച്ച വിശ്രമ സമയത്തു മനസ്സിരുത്തി ആ പുസ്തകം പൂര്ണ്ണമായി വായിച്ചുതീര്ത്തു.
അമ്പതോ അറുപതോ വര്ഷങ്ങള്ക്കുമുമ്പ് കണ്ട അതേ രൂപത്തിലും വലിപ്പത്തിലും മാറ്റമില്ലാതെ അത് വീണ്ടും കൈകളിലെത്തിയപ്പോള് വല്ലാത്തൊരു സന്തോഷം തോന്നി. കാലവും തലമുറകളും മാറിമറിഞ്ഞെങ്കിലും, ഈ പുസ്തകം നല്കുന്ന സന്ദേശത്തിന്റെ പ്രസക്തി ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല.
ഒരു കുഞ്ഞിന്റെ ഹൃദയത്തെ പ്രതീകാത്മകമായി ചിത്രീകരിച്ച് ക്രിസ്തുവുമായുള്ള മനുഷ്യന്റെ ബന്ധം ലളിതമായി അവതരിപ്പിക്കുകയാണ് ഇതില് ചെയ്യുന്നത്. ദൈവത്തെ ഹൃദയത്തില് സ്വീകരിക്കുമ്പോള് ഉണ്ടാകുന്ന മാറ്റങ്ങളും, പിന്നീട് നേരിടുന്ന ആത്മീയ തകര്ച്ചയും, വീണ്ടും പ്രകാശത്തിലേക്ക് തിരികെവരുമ്പോള് അനുഭവപ്പെടുന്ന നവീകരണവും വളരെ ലളിതമായി ഈ പുസ്തകം വരച്ചുകാട്ടുന്നു. ബാല്യത്തില് മനസ്സില് ആഴത്തില് പതിഞ്ഞ ആ ചിത്രങ്ങളും സന്ദേശവും അരനൂറ്റാണ്ടിനുശേഷവും മായാതെ നിന്നതില് അത്ഭുതമില്ല.ഇന്നത്തെ തലമുറയ്ക്കും ഏറെ ആവശ്യമായ ഒന്നാണ് ‘തമ്പിയുടെ ഹൃദയം’ എന്ന് ഞാന് വിശ്വസിക്കുന്നു.
കുട്ടികളില് ആത്മീയവും ധാര്മ്മികവുമായ മൂല്യങ്ങള് വളര്ത്താന് മാതാപിതാക്കളും അധ്യാപകരും സഭകളും ഏറെ പരിശ്രമിക്കുന്ന കാലഘട്ടമാണിത്. എന്നാല് കുഞ്ഞുങ്ങളുടെ ഹൃദയത്തെ എളുപ്പത്തില് സ്പര്ശിക്കുന്ന ഇത്തരം ലളിതമായ കൃതികള് ഇന്ന് അപൂര്വ്വമാണ്. അതിനാല്ത്തന്നെ ഈ പുസ്തകം വീണ്ടും വായനക്കാരിലേക്ക്, പ്രത്യേകിച്ച് പുതിയ തലമുറയിലേക്ക് എത്തിക്കേണ്ടതുണ്ട്.
ഈ ആഗ്രഹത്തോടെ ഞാന് ഉടന്തന്നെ പ്രസാധകരുമായി ബന്ധപ്പെടുകയും കൂടുതല് കോപ്പികള് ആവശ്യപ്പെടുകയും ചെയ്തു. സന്തോഷപൂര്വം അവരത് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം മറ്റൊരു വലിയ ആഗ്രഹം കൂടി മനസ്സിലുണ്ട്-മലയാളം വായിക്കാന് അറിയാത്ത അമേരിക്കയിലുള്ള നമ്മുടെ പുതിയ തലമുറയ്ക്കായി ഇതിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് ലഭ്യമാക്കുക.ഭാഷയുടെ പരിമിതി കാരണം ഈ നല്ല സന്ദേശം,നല്ല കൃതി അവരുടെ കൈകളിലെത്താതിരിക്കരുതല്ലോ!
ചില പുസ്തകങ്ങള് വെറും വായനയ്ക്കുള്ളതല്ല; അവ നമ്മുടെ ബാല്യത്തിന്റെ ഭാഗമാണ്, വിശ്വാസജീവിതത്തിന്റെ അടയാളങ്ങളാണ്. അരനൂറ്റാണ്ടിനുശേഷം എന്റെ കൈകളിലെത്തിയ ഈ പുസ്തകം എന്നെ ഓര്മ്മിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്: നല്ല സന്ദേശങ്ങള്ക്ക് കാലപ്പഴക്കമില്ല, അവയ്ക്ക് തലമുറകളെ തമ്മില് ബന്ധിപ്പിക്കാനുള്ള ശക്തിയുണ്ട്.നമ്മുടെ ബാല്യത്തെ പ്രകാശപൂരിതമാക്കിയ ഇത്തരം നല്ല ആശയങ്ങള് പുതിയ തലമുറയ്ക്കും കൈമാറാം. നമ്മുടെ ഓര്മ്മകള് അവര്ക്കൊരു വഴികാട്ടിയാകട്ടെ.
'Thampi’s Heart' – A Beacon of Love That Transcends Time: From Memories to the New Generation
വാര്ത്ത: പി പി ചെറിയാന്



















