വാഷിംഗ്ടണ്‍: യുഎസിലെ ന്യൂ മെക്‌സിക്കോ സംസ്ഥാനത്തിന്റെ പേര് ‘ന്യൂ അമേരിക്ക’ എന്നാക്കി മാറ്റണമെന്ന ആവശ്യം വീണ്ടുമുന്നയിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . സംസ്ഥാനത്തിന്റെ പേരില്‍ മെക്‌സിക്കോയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന പരാമര്‍ശം തുടരേണ്ടതില്ലെന്നാണ് ട്രംപിന്റെ വാദം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആവശ്യം ആവര്‍ത്തിച്ചത്. ന്യൂ മെക്‌സിക്കോ എന്ന പേര് ഉടന്‍തന്നെ മാറ്റി ന്യൂ അമേരിക്ക എന്നാക്കണം. . ഞങ്ങള്‍ മെക്‌സിക്കോ അല്ല, അമേരിക്കന്‍ ഐക്യനാടുകളാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പേര് മാറ്റുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ അഭിമാനവും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പേര് മാറ്റിയാല്‍ സംസ്ഥാനത്തിന് കൂടുതല്‍ മൂല്യവും പ്രശസ്തിയും ലഭിക്കുമെന്നാണ് ട്രംപിന്റെ വാദം. വീടുകളുടെ വിലയും ജനങ്ങളുടെ വരുമാനവും ഉയരുമെന്നും അമേരിക്കന്‍ പതാകയെ അഭിവാദ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ അഭിമാനം തോന്നുമെന്നും അദ്ദേഹം കുറിച്ചു. ഇതിനുപുറമേ, ന്യൂ മെക്‌സിക്കോയില്‍ തിരഞ്ഞെടുപ്പുകള്‍ ക്രമക്കേടുകള്‍ക്ക് പേരുകേട്ടതാണെന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതോടെ തിരഞ്ഞെടുപ്പുകള്‍ വീണ്ടും സത്യസന്ധമാകുമോയെന്നും അദ്ദേഹം പരിഹാസരീതിയില്‍ ചോദിച്ചു. അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ന്യൂ മെക്‌സിക്കോയ്ക്ക് മെക്‌സിക്കോയുമായി അതിര്‍ത്തിയുണ്ട്. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന ആശയം ട്രംപ് നേരത്തെയും മുന്നോട്ടുവച്ചിരുന്നു.
സെപ്റ്റംബറിലാണ് ട്രംപ് ആദ്യമായി ഈ നിര്‍ദേശം ശക്തമായി ഉന്നയിച്ചത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പരിഷ്‌കരിച്ച ഭൂപടത്തില്‍ മെക്‌സിക്കോ എന്ന പേരിനു പകരം അമേരിക്ക എന്ന് രേഖപ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗ്രെഗ് കണ്ണിങ്ഹാമിന് പിന്തുണ പ്രഖ്യാപിച്ച വീഡിയോയിലും അദ്ദേഹം സംസ്ഥാനത്തെ ന്യൂ അമേരിക്കമുമ്പ് ന്യൂ മെക്‌സിക്കോ എന്നറിയപ്പെട്ടിരുന്നത്എന്ന് പരാമര്‍ശിച്ചു. പേര് മാറ്റുന്നതിനെ മനോഹരമായ മാറ്റമെന്നാണ് അന്ന് ട്രംപ് വിശേഷിപ്പിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാനത്തെ ജനങ്ങളായിരിക്കുമെന്നും നിര്‍ദേശത്തിന് വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ട്രംപിന്റെ നിര്‍ദേശത്തെ ന്യൂ മെക്‌സിക്കോയിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ മിഷേല്‍ ലുജാന്‍ ഗ്രിഷം തള്ളി. സംസ്ഥാനത്തിന്റെ പേരിന് ദീര്‍ഘമായ ചരിത്രമുണ്ടെന്നും അതിനെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വിഷയമാക്കരുതെന്നും അവര്‍ പ്രതികരിച്ചു. അമേരിക്കന്‍ ഐക്യനാടുകള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പുതന്നെ ന്യൂ മെക്‌സിക്കോ എന്ന പേര് നിലവിലുണ്ടായിരുന്നുവെന്നും അതിനാല്‍ പേര് മാറ്റുന്നത് ചര്‍ച്ചാവിഷയമല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും ഉറപ്പാക്കുന്നതാണ് യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
അമേരിക്കയിലെ സ്ഥലനാമങ്ങള്‍ മാറ്റാനുള്ള ട്രംപിന്റെ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശവും വിലയിരുത്തപ്പെടുന്നത്. രണ്ടാം പ്രസിഡന്റ് കാലയളവിന്റെ തുടക്കത്തില്‍, 2025 ജനുവരിയില്‍, മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ഫെഡറല്‍ തലത്തില്‍ ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അലാസ്‌കയിലെ ഡെനാലിയുടെ പേര് വീണ്ടും മൗണ്ട് മക്കിന്‍ലി എന്നാക്കി പുനഃസ്ഥാപിക്കുന്ന നടപടിയും ഇതോടൊപ്പം നടപ്പാക്കി. ന്യൂ മെക്‌സിക്കോയുടെ പേര് മാറ്റണമെന്ന പുതിയ ആവശ്യം നടപ്പിലാകുമോയെന്നത് വ്യക്തമല്ല. ഗവര്‍ണറുടെ എതിര്‍പ്പും സംസ്ഥാനത്തിന്റെ ചരിത്രപരമായ പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും നിര്‍ദേശത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്.
Trump reiterates: ‘We don’t want ‘New Mexico’; ‘New America’ ??will do.’



















