ലിയോ മാര്‍പായുടെ ശ്വാസകോശത്തില്‍ മുഴ; ശസ്ത്രക്രിയ ഉടന്‍, ഒരാഴ്ച ആശുപത്രിയില്‍ തുടരേണ്ടിവരും

ലിയോ മാര്‍പായുടെ ശ്വാസകോശത്തില്‍ മുഴ; ശസ്ത്രക്രിയ ഉടന്‍, ഒരാഴ്ച ആശുപത്രിയില്‍ തുടരേണ്ടിവരും

റോം: ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെത്തുടര്‍ന്ന് കത്തോലിക്കാ സഭയുടെ തലവന്‍ പോപ്പ് ലിയോ പതിനാലാമന് ദിവസങ്ങള്‍ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തും. 71 വയസ്സുകാരനായ മാര്‍പാപ്പ തന്നെയാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. പതിവ് ആരോഗ്യപരിശോധനയ്ക്കിടെയാണ് ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതെന്നും പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതെന്നും മാര്‍പാപ്പ അറിയിച്ചു.

വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലെ ജനാലയ്ക്കല്‍നിന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ആരോഗ്യവിവരം പങ്കുവെച്ചത്. ശ്വാസകോശത്തില്‍ വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയുന്ന മുഴയാണ് കണ്ടെത്തിയതെന്നും അത് വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ നടത്തുന്നതാണ് ഉചിതമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായമെന്നും മാര്‍പാപ്പ വിശദീകരിച്ചു. എന്നാല്‍, മുഴയുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിവരങ്ങളില്ല.

മാര്‍പാപ്പയുടെ ശസ്ത്രക്രിയ ഈ ആഴ്ച തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ഏകദേശം ഒരാഴ്ച ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. റോമിലെ ജെമെല്ലി ആശുപത്രിയിലായിരിക്കും ചികിത്സ. മാര്‍പാപ്പമാര്‍ സാധാരണയായി ചികിത്സ തേടുന്ന പ്രധാന ആശുപത്രിയാണിത്. ലിയോ പതിനാലാമന്റെ മുന്‍ഗാമിയായ പോപ്പ് ഫ്രാന്‍സിസും ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 2025ല്‍ 88-ാം വയസ്സിലായിരുന്നു ഫ്രാന്‍സിസിന്റെ അന്ത്യം.

അമേരിക്കയിലെ ചിക്കാഗോയില്‍ ജനിച്ച ലിയോ പതിനാലാമന്‍, റോബര്‍ട്ട് പ്രെവോസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കര്‍ദിനാളായിരുന്നു. 2025 മേയില്‍ കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ചരിത്രത്തിലെ ആദ്യ അമേരിക്കന്‍ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. ചുമതലയേറ്റശേഷം സഭയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.

ശസ്ത്രക്രിയയെക്കുറിച്ച് അറിയിക്കുന്നതിന് മുമ്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയ വിശ്വാസികളെ അഭിവാദ്യം ചെയ്ത മാര്‍പാപ്പ, പെറുവില്‍നിന്നുള്ള കത്തോലിക്കാ വിശ്വാസിസംഘത്തോടും സംസാരിച്ചു. പെറുവിലേക്കുള്ള തന്റെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി പ്രാര്‍ഥിക്കുന്നതിന് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, ശ്വാസകോശത്തില്‍ കണ്ടെത്തിയ മുഴയുടെ ചികിത്സയും ശസ്ത്രക്രിയയ്ക്കുശേഷമുള്ള വിശ്രമവും അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ഔദ്യോഗിക പരിപാടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Tumor in Pope Leo's lung; surgery soon, will need to stay in the hospital for a week.
Share Email
LATEST excelnclexrn
Top