ഫ്‌ലോറിഡയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നദീതീരത്തിരുന്ന 19 കാരന്‍ വെടിയേറ്റു മരിച്ചു: അക്രമിക്കായി തിരച്ചില്‍

ഫ്‌ലോറിഡയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നദീതീരത്തിരുന്ന 19 കാരന്‍ വെടിയേറ്റു മരിച്ചു: അക്രമിക്കായി തിരച്ചില്‍

ഫ്‌ളോറിഡ: സുഹൃത്തുക്കള്‍ക്കൊപ്പം നദീതീരത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന 19 കാരന് വെടിയേറ്റ് ദാരുണാന്ത്യം. എസ്‌കാംബിയ കൗണ്ടിയിലെ പൊതുപ്രവര്‍ത്തകനായ ജോ വില്‍സന്റെ മകനായ കാരി വാഷിങ്ടണ്‍ വിന്‍സണ്‍ ആണ് കൊല്ലപ്പെട്ടത്. കാരിയുടെ കുടുംബാംഗങ്ങളാണ് മരണം സ്ഥിരീകരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം നദീതീരത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന വിന്‍സണ്‍ ടെന്റിനുള്ളില്‍ കഴിയുന്നതിനിടെയാണ് വെടിയേറ്റതെന്ന് പിതാവും എസ്‌കാംബിയ കൗണ്ടി ഡിസ്ട്രിക്ട് നാല് കമ്മീഷണറുമായ ജോ വിന്‍സണ്‍ പറഞ്ഞു. ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തിന് പുറത്തുനിന്ന് എത്തിയ വെടിയുണ്ടയാണ് മകന്റെ ജീവനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കുടുംബം കടുത്ത ദുഃഖത്തിലാണെന്നും തങ്ങളുടെ പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ടത് വിശ്വസിക്കാനാകുന്നില്ലെന്നും ജോ വിന്‍സണ്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. വെടിയേറ്റ വിന്‍സണ്‍ അധികം വൈകാതെ മരിച്ചതായി സാന്താ റോസ ചീഫ് ഡെപ്യൂട്ടി റാണ്ടി ടിഫ്റ്റും അറിയിച്ചു.

സാന്താ റോസ കൗണ്ടിയിലെ ബ്ലാക്ക്വാട്ടര്‍ നദിക്ക് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിക്ക് ശേഷമാണ് വെടിവയ്പ് സംബന്ധിച്ച് 911 നമ്പറില്‍ വിവരം ലഭിച്ചതെന്ന് സാന്താ റോസ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ തലയില്‍ വെടിയേറ്റ നിലയില്‍ ഒരാളെ കണ്ടെത്തുകയായിരുന്നു.

ബ്ലാക്ക്വാട്ടര്‍ നദിയുടെ മറുകരയില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നദിയുടെ മറുവശത്ത് വാഹനത്തിന്റെ ഹെഡ്ലൈറ്റുകള്‍ കണ്ടതായും വെടിയൊച്ചകള്‍ക്ക് പിന്നാലെ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് സ്ഥലത്തുനിന്ന് പോകുന്ന ശബ്ദം കേട്ടതായും ടിഫ്റ്റ് വ്യക്തമാക്കി. വെടിയുതിര്‍ത്തയാളെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനുമായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചവരോ പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധിച്ചവരോ 850-983-1190 എന്ന നമ്പറില്‍ ഓപ്ഷന്‍ 1 തിരഞ്ഞെടുത്ത് ബന്ധപ്പെടണമെന്ന് ഷെരീഫ് ഓഫീസ് അഭ്യര്‍ഥിച്ചു.

19-year-old shot dead while sitting by a riverbank with friends in Florida; search underway for the assailant.

Share Email
LATEST excelnclexrn
More Articles
Top