റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ മരിച്ചയാളുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ഒമാനിൽ വിസ മാറാൻ പോയ ശേഷം തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. റാസൽഖൈമയിലെ അൽ വതൻ റോഡിൽ (അൽ വതൻ സ്ട്രീറ്റ്) തകരാറിലായി നിർത്തിയിട്ടിരുന്ന ബസിന് പിറകിൽ ട്രക്ക് വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് 41 പേരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽ 11 പേർ സംഭവസ്ഥലത്തുവെച്ചും, ചികിത്സയിലായിരുന്ന രണ്ടുപേർ പിന്നീടുമാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പെയ്ൻ സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടവിവരം അറിഞ്ഞയുടൻ അടിയന്തര രക്ഷാപ്രവർത്തക സംഘവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎഇ ആഭ്യന്തര മന്ത്രാലയവും റാസൽഖൈമ പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.
















