ഫോമാ നേതൃത്വവും കൗണ്‍സില്‍ അംഗങ്ങളും കൈകോര്‍ത്തു; ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം

ഫോമാ നേതൃത്വവും കൗണ്‍സില്‍ അംഗങ്ങളും കൈകോര്‍ത്തു; ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം

എ.എസ് ശ്രീകുമാര്‍

ജുഡീഷ്യറി, അഡൈ്വസറി, കംപ്ലയിന്റ്സ് കൗണ്‍സിലുകളുമായി മീറ്റ് ആന്‍ഡ് ഗ്രീറ്റ്; ബൈലോ ഭേദഗതികളും ചര്‍ച്ചയായി

ഫോമയുടെ 2026-28 ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ദിശാബോധവും പകരുന്നതിന്റെ ഭാഗമായി സംഘടനയുടെ ജുഡീഷ്യറി, അഡൈ്വസറി, കംപ്ലയിന്റ്സ് കൗണ്‍സില്‍ അംഗങ്ങളുമായി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആശയവിനിമയം നടത്തി. സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവിധ കൗണ്‍സിലുകളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി.

ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ വിവിധ കൗണ്‍സിലുകള്‍ക്കുള്ള നിര്‍ണായകമായ പങ്ക് വിലയിരുത്തിയ യോഗത്തില്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള ആശയങ്ങള്‍ കൈമാറി. ബൈലോ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ 17-ന് നടന്ന ജനറല്‍ ബോഡിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതിരുന്ന ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും അതിനുള്ള അവസരം ഈ മാസം 16-ന് തിങ്കളാഴ്ച രാത്രി എട്ടിന് ഒരുക്കിയിട്ടുണ്ടെന്ന് ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍ അറിയിച്ചു. സംഘടനയുടെ ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ബിനു ജോസഫ്, വൈസ് ചെയര്‍ ജോഫിന്‍ ജോസ്, കൗണ്‍സില്‍ അംഗങ്ങളായ ജോസഫ് ഔസോ, ലാലി കളപ്പുരയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കംപ്ലയിന്റ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ വര്‍ഗീസ് കെ. ജോസഫ്, സെക്രട്ടറി ഷൈനി അബുബേക്കര്‍, അംഗങ്ങളായ രാജു എം. വര്‍ഗീസ്, ഷോബി ഐസക് (വൈസ് ചെയര്‍) എന്നിവരും സന്നിഹിതരായിരുന്നു. അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ വിജി എബ്രഹാമിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

ഫോമാ ജനറല്‍ സെക്രട്ടറി പോള്‍ പി. ജോസ്, ട്രഷറര്‍ പ്രദീപ് നായര്‍, വൈസ് പ്രസിഡന്റ് സാമുവല്‍ മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു. പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹകരണവും ഉറപ്പുനല്‍കിയ അവര്‍ സംഘടനയുടെ കൂട്ടായ്മയും ജനാധിപത്യപരമായ പ്രവര്‍ത്തനശൈലിയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

വിവിധ തലങ്ങളിലുള്ള നേതൃത്വവും കൗണ്‍സിലുകളും ഒരുമിച്ചിരുന്ന് ആശയങ്ങള്‍ പങ്കുവച്ച ഈ യോഗം ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായി. സംഘടനയുടെ വളര്‍ച്ചയ്ക്കും ഐക്യത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് മുന്നോട്ടുപോകാനുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രതിബദ്ധതയും യോഗത്തില്‍ പ്രകടമായി.

FOMAA Leadership and Council Members Join Hands to Chart a New Direction for Future Initiatives

Share Email
LATEST excelnclexrn
More Articles
Top