‘ട്രംപിനെ പുറത്താക്കിയില്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി തകരും’; കടുത്ത വിമർശനവുമായി മുൻ കോൺഗ്രസ് അംഗം മർജോറി ടെയ്‌ലർ ഗ്രീൻ

‘ട്രംപിനെ പുറത്താക്കിയില്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി തകരും’; കടുത്ത വിമർശനവുമായി മുൻ കോൺഗ്രസ് അംഗം മർജോറി ടെയ്‌ലർ ഗ്രീൻ

വാഷിം​ഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭാവിയിൽ ഏതെങ്കിലും തരത്തിൽ നിലനിൽപ്പ് വേണമെങ്കിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മുൻ ജോർജിയ പ്രതിനിധി മർജോറി ടെയ്‌ലർ ഗ്രീൻ. മുൻപ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയായിരുന്ന ഗ്രീൻ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് സ്വന്തം പാർട്ടിക്കെതിരെയും ട്രംപിനെതിരെയും പരസ്യമായി രംഗത്തെത്തിയത്. ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയെ പൂർണ്ണമായും നശിപ്പിച്ചുവെന്നും, യുദ്ധക്കൊതി പൂണ്ടതും അഴിമതി നിറഞ്ഞതും കോർപ്പറേറ്റുകളുടെ താൽപ്പര്യ സംരക്ഷണം മാത്രം ലക്ഷ്യമിടുന്നതുമായ ഒന്നായി പാർട്ടി മാറിയെന്നും അവർ കുറ്റപ്പെടുത്തി.

വോട്ടർമാരുടെ യാഥാസ്ഥിതിക മൂല്യങ്ങളെ പാർട്ടി ഇപ്പോൾ ഒട്ടും പ്രതിനിധീകരിക്കുന്നില്ല. എന്നാൽ പാർട്ടി ട്രംപിനെ തള്ളിക്കളയുമെന്ന് കരുതുന്നില്ലെന്നും, അങ്ങനെ സംഭവിച്ചാൽ വരും പതിറ്റാണ്ടുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ദേശീയതലത്തിൽ ഒരു തെരഞ്ഞെടുപ്പിലും ജയിക്കാനാവില്ലെന്നും ഗ്രീൻ മുന്നറിയിപ്പ് നൽകി.

ട്രംപും ഗ്രീനും തമ്മിൽ മുൻപ് തന്നെ കടുത്ത ഭിന്നത നിലനിന്നിരുന്നു. പ്രശസ്ത ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടണമെന്ന് ഗ്രീൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ട്രംപ് അവർക്കുള്ള പിന്തുണ പിൻവലിക്കുകയും ‘തീവ്ര ഇടതുകക്ഷിയിലേക്ക്’ പോയ ‘വഞ്ചകി’ എന്ന് വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം ട്രംപിനെതിരെ രൂക്ഷമായ ഭാഷയിൽ ഗ്രീൻ പ്രതികരിച്ചത്.

Share Email
LATEST excelnclexrn
More Articles
Top