സാംസ്‌കാരിക പൈതൃകവും സനാതന ധര്‍മദര്‍ശനവും ഉയര്‍ത്തിപ്പിടിച്ച് കെ.എച്ച്.എന്‍.എ കേരള കണ്‍വെന്‍ഷന്‍

സാംസ്‌കാരിക പൈതൃകവും സനാതന ധര്‍മദര്‍ശനവും ഉയര്‍ത്തിപ്പിടിച്ച് കെ.എച്ച്.എന്‍.എ കേരള കണ്‍വെന്‍ഷന്‍

(കെ.എച്ച്.എന്‍.എ കേരള ന്യൂസ് ഡെസ്‌ക്)

ആലപ്പുഴ: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും സനാതന ധര്‍മദര്‍ശനവും പ്രവാസി സമൂഹത്തിന്റെ സംരംഭകത്വവും സമന്വയിപ്പിച്ച് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) കേരള കണ്‍വെന്‍ഷന്‍ ആലപ്പുഴയില്‍ നടന്നു. രമദ ബൈ വിന്‍ഡം ഹോട്ടലില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ‘ധര്‍മ ബിയോണ്ട് ബോര്‍ഡേഴ്‌സ്, റൂട്ടഡ് ഇന്‍ കേരള’ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു.

പ്രവാസി മലയാളികളുടെ സംരംഭകത്വം, സനാതന ധര്‍മം, ഭാരതീയ ദാര്‍ശനിക പാരമ്പര്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ കണ്‍വെന്‍ഷനില്‍ ആത്മീയ, സാമൂഹിക, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

രാവിലെ നടന്ന ‘ഫീനിക്‌സ് റൈസ്, റിക്ലെയിം’ ബിസിനസ് മീറ്റില്‍ രാജ്‌മോഹന്‍ പിള്ള, ടി. പി. വിനയന്‍ (കെന്റ് കണ്‍സ്ട്രക്ഷന്‍), പ്രകാശ് (പറക്കാട്ട് ജ്വല്ലേഴ്‌സ്), സേതുമാധവന്‍ (കായകല്‍പ്പം) എന്നിവര്‍ പങ്കെടുത്തു. സംരംഭകത്വത്തിലൂടെയുള്ള സാമ്പത്തിക വളര്‍ച്ച, പുതിയ വ്യവസായ സാധ്യതകള്‍, പ്രവാസി സമൂഹത്തിന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ എന്നിവ ചര്‍ച്ചയായി.

തുടര്‍ന്ന് നടന്ന ധര്‍മസമ്മേളനത്തില്‍ മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി, ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, സ്വാമി ഗുരുദാസാനന്ദ സരസ്വതി എന്നിവര്‍ സംസാരിച്ചു. സനാതന ധര്‍മത്തിന്റെ കാലിക പ്രസക്തിയും സാമൂഹിക ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യവും സമ്മേളനത്തില്‍ ചര്‍ച്ചയായി.

‘ആര്‍ഷദര്‍ശനം’ എന്ന പേരില്‍ നടന്ന മൂന്നാം സെഷനില്‍ കെ. ജയകുമാര്‍ ഐ.എ.എസിനും ആശാ മേനോനും ആര്‍ഷദര്‍ശന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോ. എം. ജി. ശശിഭൂഷണ്‍, ഡോ. ജെ. പ്രമീളാദേവി, അഡ്വ. എസ്. ജയശങ്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗുരുശ്രേഷ്ഠ പുരസ്‌കാരം ഡോ. സി. ടി. ഫ്രാന്‍സിസിന് സ്വാമി ചിദാനന്ദപുരി സമ്മാനിച്ചു. ഭാരതീയ ദര്‍ശനങ്ങളെയും വിജ്ഞാനപാരമ്പര്യത്തെയും ആധുനിക സമൂഹവുമായി ബന്ധിപ്പിക്കുന്ന വിഷയങ്ങളും സെഷനില്‍ ചര്‍ച്ചയായി.

വൈകുന്നേരം നടന്ന ധര്‍മസഭയില്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, അഡ്വ. മോന്‍സ് ജോസഫ്, കെ. എ. തുളസി, എം.എല്‍.എമാരായ റെജി ചെറിയാന്‍, കെ. ബിനുമോന്‍, എ. ഡി. തോമസ്, തിരുവനന്തപുരം മേയര്‍ വി. വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംഘടനാ ഭാരവാഹികളും പ്രമുഖ പ്രവര്‍ത്തകരുമായ സിനു നായര്‍, അശോക് മേനോന്‍, മന്മഥന്‍ നായര്‍, സഞ്ജീവ് കുമാര്‍, അപ്പുക്കുട്ടന്‍ പിള്ള, ഡോ. കലാ ഷാഹി, രവി നായര്‍, സനല്‍ ഗോപി, ജിഷ്ണു നായര്‍, രാധാകൃഷ്ണന്‍ നായര്‍, രമണി പിള്ള എന്നിവരും സംസാരിച്ചു.

കേരളത്തിന്റെ പാരമ്പര്യത്തിലും സനാതന ധര്‍മമൂല്യങ്ങളിലും വേരൂന്നി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ഹിന്ദു സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി കണ്‍വെന്‍ഷന്‍ മാറി. പ്രവാസികളുടെ അറിവും അനുഭവസമ്പത്തും കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് കേരളീയ പൈതൃകവുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള സാധ്യതകളും സമ്മേളനം മുന്നോട്ടുവച്ചു.

KHNA Kerala Convention: Upholding Cultural Heritage and the Philosophy of Sanatana Dharma

Share Email
LATEST excelnclexrn
Top