ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ഇന്ധനട്രക്ക് മറിഞ്ഞ് വന്‍ തീപിടിത്തം; 31 പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ഇന്ധനട്രക്ക് മറിഞ്ഞ് വന്‍ തീപിടിത്തം; 31 പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കുറഞ്ഞത് 31 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ജനവാസമേഖലയോട് ചേര്‍ന്ന തിരക്കേറിയ ഹൈവേയില്‍ ഇന്ധനം കയറ്റിയ ട്രക്ക് മറിഞ്ഞ് തീപിടിച്ചതാണ് അപകടത്തിന് കാരണം. . അപകടത്തെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടര്‍ന്നു. അല്‍-വറാഖ് മേഖലയ്ക്ക് മുകളില്‍ കറുത്ത പുക ഉയരുന്നതും തീഗോളങ്ങള്‍ ആളിപ്പടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കെയ്റോയിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റിങ് റോഡിലാണ് അപകടമുണ്ടായത്. ഇന്ധനം നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനു പിന്നാലെ തീപിടിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ പടര്‍ന്നതോടെ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കിയും വാഹനങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചും പരിഭ്രാന്തരായി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസ്ഥലത്തേക്ക് 39 ആംബുലന്‍സുകള്‍ അയച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

അപകടത്തിന്റെ ഭീകരത വിവരിച്ച് ദൃക്സാക്ഷികളും രംഗത്തെത്തി. അപകടം നടന്നതിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയപ്പോള്‍ ഇന്ധന ടാങ്കര്‍ തീയില്‍ പൂര്‍ണമായും അകപ്പെട്ട നിലയിലായിരുന്നുവെന്ന് അബ്ദുല്‍ റഹ്മാന്‍ ഖലീല്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കുശേഷം കത്തിക്കരിഞ്ഞ വാഹനാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം പൊള്ളലേറ്റവരെ കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധന നടത്തിവരികയാണെന്ന് ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തര മുന്നറിയിപ്പ് നില ഉയര്‍ത്തി. ആരോഗ്യമന്ത്രി ഖാലിദ് അബ്ദുല്‍ ഗഫ്ഫാര്‍ അപകടസ്ഥലവും സമീപത്തെ ആശുപത്രികളും സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഈജിപ്ഷ്യന്‍ മന്ത്രിസഭാ വക്താവ് അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഗതാഗതത്തിലും സുരക്ഷാ സംവിധാനങ്ങളിലും ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപകടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തതോടെ റിങ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

Massive fire in Cairo, the capital of Egypt, after a fuel truck overturns; 31 dead, many injured.

Share Email
LATEST excelnclexrn
Top