സനോജ് സ്റ്റീഫന്റെ ഓർമ്മക്കായി ഉഴവൂരിൽ നാട്ടുകാര്‍ക്ക് നടക്കാനൊരു ‘നല്ല വഴി;’ സനോജ് സ്മാരക പാര്‍ക്ക് ഉഴവൂരില്‍ നവംബര്‍ 18-ന് തുറക്കും

സനോജ് സ്റ്റീഫന്റെ ഓർമ്മക്കായി ഉഴവൂരിൽ നാട്ടുകാര്‍ക്ക് നടക്കാനൊരു ‘നല്ല വഴി;’ സനോജ് സ്മാരക പാര്‍ക്ക് ഉഴവൂരില്‍ നവംബര്‍ 18-ന് തുറക്കും

ഉഴവൂര്‍: സ്വസ്ഥമായി അൽപനേരം നടക്കാം. യോഗയും വ്യായാമവും ചെയ്യാം. ഉഴവൂർ ടൗണിനു തൊട്ടടുത്തടുത്ത് റോഡരികത്ത് സനോജ് സ്റ്റീഫൻ സ്‌മാരക ട്രസ്‌റ്റ് നിർമിക്കുന്ന പാർക്ക് വേറിട്ടൊരു സങ്കൽപത്തിന്റെ സാക്ഷാൽകാരമാണ്.

പ്രവാസി മലയാളിയും സാമൂഹിക പ്രവർത്തകനുമായ ഇലവുങ്കൽ ഇ.എം.സ്റ്റീഫൻ നിർമിക്കുന്ന പാർക്ക് നവംബർ 18ന് തുറക്കും. മാങ്കനാൽ പാലത്തിനു സമീപം സ്ഥലം വാങ്ങി ലക്ഷങ്ങൾ മുടക്കി തയാറാക്കുന്ന പാർക്കിൽ രാവിലെയും വൈകിട്ടും നടക്കാനും വ്യായാമം ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും.

പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യം. അകാലത്തിൽ പൊലിഞ്ഞ മകൻ സനോജിന്റെ ഓർമകൾ നിലനിർത്തുന്നതിനാണ് സ്റ്റീഫൻ ജന്മദേശത്ത് ഇത്തരത്തിലൊരു സംരംഭത്തിനു തുടക്കം കുറിയ്ക്കുന്നത്. 40 സെന്റ് സ്ഥലത്തു നടപ്പുവഴിയും യോഗ, വ്യായാമ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. വഴിയുടെ വശങ്ങൾ പൂച്ചെടികൾ നട്ട് മനോഹരമാക്കി. യേശുക്രിസ്തു മുതൽ വയലാർ രാമവർമ വരെ 18 പേരുടെ അർധകായ പ്രതിമകൾ പാർക്കിലേക്കു ആളുകളെ സ്വാഗതം ചെയ്യുന്നു.

പാർക്കിൽ എത്തുന്ന ഓരോരുത്തരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും സ്വാധീനം ചെലുത്തിയിട്ടുള്ളവരുടെ പ്രതിമകളാണ് ഇവിടെയുള്ളത്. അതിൽ 3 പേര് ഉഴവൂരിലും കുറിച്ചിത്താനത്തും ജനിച്ചു വേറിട്ട പാതയിലൂടെ നടന്നവർ.

നാടൻ ഭക്ഷണം നൽകുന്ന ചെറിയൊരു കഫേ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്. നവംബർ 18ന് പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്നു ഇ.എം.സ്റ്റീഫൻ പറഞ്ഞു. രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 6 മുതൽ 7.30 വരെയുമായിരിക്കും പ്രവർത്തനം.

അര നൂറ്റാണ്ട് മുൻപ് 1977ൽ അമേരിക്കയിലേക്കു കുടിയേറിയ സ്റ്റീഫൻ ഇപ്പോഴും സാമൂഹിക രംഗത്ത് സജീവമാണ്. മിലിറ്ററി എൻജിനീയറിങ് സർവിസിൽ സേവനം ചെയ്‌ത ശേഷമായിരുന്നു അമേരിക്കയിലേക്ക് പോയത്

അമേരിക്കൻ മലയാളികളുടെ കൂട്ടായ്‌മക്കായി പ്രവർത്തിച്ച അദ്ദേഹം ഇന്ത്യൻ അമേരിക്കൻ ഫോറം ഫോർ പൊളിറ്റിക്കൽ എജ്യൂക്കേഷൻ എന്ന സംഘ ടനയുടെ ന്യൂയോർക്ക് ചാപ്റ്റർ ചാപ്റ്റർ ചെയർമാനായിരുന്നു. കേരള സെൻ്ററിൻ്റെ സ്ഥാപകൻ. കുടുംബാംഗങ്ങൾ എല്ലാവരും അമേരിക്കയിലാണെങ്കിലും സ്റ്റീഫൻ വർഷത്തിൽ പല തവണ നാട്ടിൽ എത്തും.

Share Email
LATEST excelnclexrn
More Articles
Top